റിയാദ്: ഈ വർഷത്തെ ഇലക്ട്രോണിക് സ്പോർട്സ് വേൾഡ് കപ്പിന്റെ ആഗോള അംബാസഡറായി ലോക ഫുട്ബാൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തതായി ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ അറിയിച്ചു. ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് ടൂർണമെന്റ് നടക്കുക.
റൊണാൾഡോയുടെ വരവ് ടൂർണമെന്റിന് വലിയ ഉത്തേജനമാണെന്നും ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. ‘മുകളിലേക്ക് ഉയരുക’ ശീർഷകത്തിലാണ് മത്സരം നടക്കുക. ഔദ്യോഗിക അംബാസഡർ എന്ന നിലയിൽ റൊണാൾഡോ ടൂർണമെന്റിന്റെ ആഗോള മാധ്യമ പ്രചാരണത്തിന് നേതൃത്വം നൽകുകയും റിയാദിലെ ബൊളിവാഡ് സിറ്റിയിൽ നടക്കുന്ന നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
ഈ മത്സരത്തിലെ 25 പ്രധാന ടൂർണമെന്റുകളിൽ ഒന്നായ ഫാറ്റൽ ഫ്യൂറി, സിറ്റി ഓഫ് ദി വോൾവ്സ് എന്ന ഗെയിമിൽ അദ്ദേഹം ഒരു വെർച്വൽ കഥാപാത്രമായും പ്രത്യക്ഷപ്പെടുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. റൊണാൾഡോ പ്രഫഷനൽ മാനസികാവസ്ഥയും മത്സര മനോഭാവവും ഉൾക്കൊള്ളുന്നു എന്ന് ഫൗണ്ടേഷൻ സി.ഇ.ഒ റാൽഫ് റീച്ചെർട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ സാന്നിധ്യം പരമ്പരാഗത കായിക ഇനങ്ങളെ ഇ-സ്പോർട്സ് ലോകവുമായി ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും ലോകമെമ്പാടുമുള്ള പുതിയ തലമുറ ഗെയിമർമാരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ-സ്പോർട്സ് അംബാസഡറാകാൻ കഴിഞ്ഞതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സന്തോഷം പ്രകടിപ്പിച്ചു. സ്പോർട്സ് വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇ-സ്പോർട്സ് ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ ലോകത്തിന്റെ നെറുകയിലേക്ക് തന്നെ നയിച്ച അതേ അഭിനിവേശവും ദൃഢനിശ്ചയവുമാണ് ഇന്നത്തെ കളിക്കാരിലും താൻ കാണുന്നതെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ഒരു ബില്യണിലധികം ഫോളോവേഴ്സ് റൊണാൾഡോക്കുണ്ട്. ഇത് പുതിയ പ്രേക്ഷകരെ ആകർഷിക്കുന്നതിലും ടൂർണമെന്റിന്റെ ആഗോള വ്യാപ്തി വർധിപ്പിക്കുന്നതിലും റൊണാൾഡോയുടെ സാന്നിധ്യം ഒരു പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ പതിപ്പിൽ 100ലധികം രാജ്യങ്ങളിൽനിന്നുള്ള 2,000 പ്രഫഷനൽ ഗെയിമർമാരും 200 ക്ലബ്ബുകളും പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.
24 ഗെയിമുകൾ ഉൾക്കൊള്ളുന്ന 25 ടൂർണമെന്റുകളിൽ അവർ മത്സരിക്കും. മൊത്തം സമ്മാനത്തുക 70 മില്യൺ ഡോളറിലധികമാണ്. ഇത് രാജ്യത്ത് ഇ-സ്പോർട്സ് മേഖല ആസ്വദിക്കുന്നവരുടെ എണ്ണം, പിന്തുണ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.