ധോണിയല്ല! 2011 ലോകകപ്പ് ഫൈനലിലെ താരം ഈ പേസറെന്ന് ഗംഭീർ

ഇന്ത്യൻ ജനതയുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 2011ൽ എം.എസ്. ധോണിയും സംഘവും രണ്ടാമത്തെ ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അയൽക്കാരായ ശ്രീലങ്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

നായകൻ ധോണി സിക്സർ പറത്തിയാണ് ഇന്ത്യയെ വിജയത്തീരമണിയിച്ചത്. 79 പന്തിൽ 91 റൺസുമായി പുറത്താകാതെ ഇന്ത്യൻ വിജയത്തിന്‍റെ ശിൽപിയായ ധോണി തന്നെയായിരുന്നു ഫൈനലിലെ താരവും. 97 റൺസെടുത്ത ഗൗതം ഗംഭീറായിരുന്നു അന്ന് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. എന്നാൽ, അന്നത്തെ ഫൈനലിലെ താരമാകേണ്ടിയിരുന്നത് മുൻ പേസർ സഹീർ ഖാനാണെന്ന് ഗംഭീർ പറയുന്നു.

ലോകകപ്പിലെ ബംഗ്ലാദേശ്-ന്യൂസിലൻഡ് മത്സരത്തിനിടെയിലെ കമന്‍ററിക്കിടെയാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലിൽ മികച്ച ഫോമിലാണ് താരം പന്തെറിഞ്ഞതെന്നും തുടക്കത്തിലെ കിടിലൻ സ്പെല്ലാണ് ശ്രീലങ്കയെ സമ്മർദത്തിലാക്കിയതെന്നും ഗംഭീർ പറയുന്നു. സഹീർ ആദ്യത്തെ മൂന്നു ഓവറുകളിൽ ഒരു റൺസ് പോലും വിട്ടുകൊടുത്തില്ല. ഏഴാം ഓവറിലെ ആദ്യ പന്തിൽ ലങ്കൻ ബാറ്റർ ഉപുൽ തരംഗയെ പുറത്താക്കി. ആദ്യ സ്പെല്ലിൽ എറിഞ്ഞ അഞ്ചാം ഓവറിൽ ആറു റൺസ് മാത്രമാണ് വഴങ്ങിയത്.

അവസാന ഓവറുകളിൽ താരം റൺസ് വിട്ടുകൊടുത്തെങ്കിലും ആദ്യ സ്പെല്ലിലെ മികച്ച ബൗളിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായതെന്നും ഗംഭീർ വ്യക്തമാക്കി. മത്സരത്തിൽ 10 ഓവർ എറിഞ്ഞ താരം 60 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ഇതിൽ മൂന്നു ഓവറുകൾ മെയ്ഡനായിരുന്നു. ആ ലോകകപ്പിൽ പാക് താരം ഷഹീദ് അഫ്രീദിക്കൊപ്പം വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനുമായി. 21 വിക്കറ്റുകൾ വീതമാണ് ഇരുവരും നേടിയത്.

ലങ്ക കുറിച്ച 275 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ വീരേന്ദർ സെവാഗിനെ നഷ്ടമായി. പിന്നാലെ 18 റൺസെടുത്ത സചിനും മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. മൂന്നാം വിക്കറ്റിൽ കോഹ്ലിയുമായി ചേർന്ന് ഗംഭീർ 83 റൺസ് കൂട്ടിച്ചേർത്തു. 35 റൺസെടുത്ത് കോഹ്ലി പുറത്തായി. പിന്നാലെ ഗംഭീറും ധോണിയും ചേർന്ന് നേടിയ 109 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്.

Tags:    
News Summary - Zaheer Khan should have been the Man of the Match in the 2011 World Cup final: Gautam Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.