സമയം കഴിഞ്ഞിട്ടും റിവ്യു നൽകി വൃദ്ധിമാൻ സാഹ; അനുവദിച്ച് അമ്പയർ; വിവാദം -വിഡിയോ

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ അമ്പയർ സമയം കഴിഞ്ഞിട്ടും റിവ്യു അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവാദം. മത്സരത്തിലെ മൂന്നാം ഓവറിൽ അർജുൻ ടെണ്ടുൽകറിന്‍റെ ഓവറിൽ വൃദ്ധിമാൻ സാഹ പുറത്തായിരുന്നു. താരത്തിന്‍റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പ് ഇഷാൻ കിഷൻ കൈയിലൊതുക്കി. അർജുൻ അപ്പീൽ ചെയ്തതോടെ അമ്പയർ കൈ ഉയർത്തി.

പന്ത് ബാറ്റിൽ കൊണ്ടോ എന്ന സംശയത്തിലായിരുന്നു സാഹ. പിന്നാലെ ഡി.ആര്‍.എസ് സമയം സ്‌ക്രീനില്‍ തെളിഞ്ഞു. ഈസമയം നോൺ സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന ശുഭ്മൻ ഗില്ലുമായി സാഹ ചർച്ചയിലായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ 15 സെക്കന്‍ഡിനുള്ളില്‍ താരങ്ങള്‍ക്ക് അത് തേര്‍ഡ് അമ്പയര്‍ക്ക് പുനഃപരിശോധിക്കുന്നതിനുവേണ്ടി നല്‍കാം. 15 സെക്കന്‍ഡിനുള്ളില്‍ തന്നെ റിവ്യു നല്‍കണം. എന്നാൽ, സാഹ 15 സെക്കന്റ് പിന്നിട്ടിട്ടും റിവ്യൂ നൽകിയില്ല. ഒടുവിൽ സമയം കഴിഞ്ഞിട്ടാണ് താരം റിവ്യു നൽകുന്നത്.

സാഹയുടെ നിര്‍ദേശം അമ്പയര്‍ അനുസരിക്കുകയും തീരുമാനം ഡി.ആര്‍.എസിന് വിടുകയും ചെയ്തു. റിവ്യൂവിൽ സാഹയുടെ ബാറ്റില്‍ പന്തുകൊണ്ടത് വ്യക്തമായി. ഇതോടെ തേര്‍ഡ് അമ്പയറും അമ്പയറുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഏഴു പന്തിൽ നാലു റൺസെടുത്താണ് സാഹ പുറത്തായത്. മത്സരത്തിന് ശേഷം അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തി. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അമ്പയര്‍മാര്‍ നിയമത്തിനനുസരിച്ച് പെരുമാറണമെന്നും പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അഫ്ഗാൻ സ്പിന്നർമാരായ നൂർ അഹമ്മദിന്‍റെയും റാഷിദ് ഖാന്‍റെയും കെണിയിൽ വീണ മുംബൈ 55 റൺസിനാണ് ഗുജറാത്തിനു മുന്നിൽ കീഴടങ്ങിയത്. ഇരുവരും ചേർന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Tags:    
News Summary - Wriddhiman Saha Asks For Review After DRS Timer Runs Out in GT-MI Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.