സിഡ്നി: ബോർഡർ- ഗവാസ്കർ ട്രോഫി ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പടയോട്ടം പാതിവഴിയിലാണിപ്പോൾ. ആദ്യ ടെസ്റ്റ് ജയിച്ച ടീം അഡ് ലെയ്ഡിൽ 10 വിക്കറ്റിന് തോൽവി സമ്മതിച്ചു. വില്ലനായും രക്ഷകനായുമെത്തിയ മഴ കളിയേറെയും എടുത്ത മൂന്നാം ടെസ്റ്റിൽ അഞ്ചു ദിവസമെടുത്ത് കുറച്ചൊക്കെ കളിച്ച് സമനിലയുമായി മടങ്ങി. ഇരു ടീമിന്റെയും ആദ്യ ഇന്നിങ്സ് സ്കോർ പരിഗണിച്ചാൽ മഴ കനിഞ്ഞില്ലായിരുന്നെങ്കിൽ ഗാബ മൈതാനത്ത് ടീം തോൽവി സമ്മതിക്കേണ്ടിവന്നേനെ.
ടീം വിശേഷങ്ങൾ ഇങ്ങനെ നനഞ്ഞുനിൽക്കുന്നതിനിടെ വെറ്ററൻ താരം അശ്വിൻ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത് മറ്റുള്ളവരിലേക്ക് ചോദ്യമുന ഉയർത്തുന്നതായി. നായകൻ രോഹിത് ശർമയുടെ സമീപകാല പ്രകടനങ്ങൾതന്നെ അതിൽ ഒന്നാമത്. ടീമിന്റെ ആദ്യ ഇലവനിൽ രോഹിത് എന്തിന് തുടരുന്നുവെന്നുൾപ്പെടെ ചോദിക്കുന്നവർ ഏറെ. ഓസീസ് മണ്ണിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി കാൻബറയിലെ പ്രദർശന മത്സരം മുതൽ ടീമിനൊപ്പം ചേർന്ന രോഹിത് സ്കോറിങ്ങിൽ മന്ദഗതിയാണ്.
പരമ്പരയിൽ 3, 3, 6, 10 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർഷീറ്റ്. അലക്ഷ്യമായ ഷോട്ടുകളുമായി വിക്കറ്റ് കളഞ്ഞുകുളിച്ചെന്ന് പറയാനാകില്ലെങ്കിലും പന്ത് നേരിടുന്നതിലെ അനിശ്ചിതത്വമാണ് പലപ്പോഴും വില്ലനാകുന്നത്. കഴിഞ്ഞ മാർച്ചിൽ ധർമശാലയിൽ ഇംഗ്ലണ്ടിനെതിരെ കുറിച്ച സെഞ്ച്വറിയാണ് ടെസ്റ്റിൽ ഏറ്റവുമൊടുവിലെ മൂന്നക്ക പ്രകടനം. ആഗസ്റ്റിൽ ശ്രീലങ്കയിലെത്തിയപ്പോൾ ഏകദിനങ്ങളിൽ 58, 64, 35 എന്നിങ്ങനെ നേടി പിടിച്ചുനിന്നു.
ബ്രിസ്ബേനിലെ ഗാബ മൈതാനത്ത് ഇറങ്ങിയ താരം 10 റൺസെടുത്ത് മടങ്ങി. പ്രായം 37ലെത്തിയ രോഹിതിന് ഇനിയുമേറെ പിടിച്ചുനിൽക്കണമെങ്കിൽ ഇത്രയും പോരെന്നുറപ്പ്. കഴിഞ്ഞ ജൂണിൽ ഐ.സി.സി ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ച നായകനെ അന്ന് തോളിലേറ്റിയവർതന്നെയാണ് ഇപ്പോൾ വിമർശനശരങ്ങളുമായി എത്തുന്നത്. സമാന വിമർശനം നേരിട്ട സൂപ്പർ താരം വിരാട് കോഹ്ലി പെർത്തിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി കുറിച്ചുവെന്ന് മാത്രമല്ല, അന്ന് ടീം ജയിക്കുകയും ചെയ്തു.
മറുവശത്ത്, ഓസീസ് ടീമിൽ സ്റ്റീവ് സ്മിത്തും ഇങ്ങനെ സെഞ്ച്വറിയടിച്ച് എതിർപ്പ് മറികടന്നവരാണ്. വരുംനാളുകളിൽ രോഹിത് ഇങ്ങനെ ബാറ്റുകൊണ്ട് മറുപടി പറയുമെന്നും ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിച്ച് ആദ്യമായി കിരീടമുയർത്തുമെന്നുംതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.