രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പ് അടുത്തെത്തി. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ഫേവറൈറ്റുകളായ ഇന്ത്യ ഇക്കുറി കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.
2011ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്. ഒക്ടോബർ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. എട്ടിന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്ക് മുന്നിലുള്ളത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിക്കും നായകൻ രോഹിത് ശർമക്കും വിശ്രമം അനുവദിച്ചു.
ഈ വർഷം ലോകകപ്പ് നേടാൻ കഴിവുള്ള സംഘമാണ് നിലവിലുള്ളതെന്നും ആരാധകർക്ക് പുതിയ ഓർമകൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നതായും കോഹ്ലി പറഞ്ഞു. ഒരു പ്രൊമോഷനൽ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചിൽ. ‘നമ്മുടെ ആരാധകരുടെ ആവേശവും അചഞ്ചലമായ പിന്തുണയും ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുന്നു. കഴിഞ്ഞ ലോകകപ്പ് വിജയങ്ങളുടെ ഓർമകൾ, പ്രത്യേകിച്ച് 2011ലെ ഐതിഹാസിക വിജയം, ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്നു, ആരാധകർക്ക് പുതിയ ഓർമകൾ സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -കോഹ്ലി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ടീമിന്‍റെ അർപ്പണബോധം അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരാധകരുടെ വികാരങ്ങൾ നേരിട്ട് കാണാനാകുന്ന ഈ അവിശ്വസനീയ കാമ്പയിനിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണെന്നും അവരുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കാൻ ഞങ്ങൾ എല്ലാം സമർപ്പിക്കുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.