സചിന്‍റെ ലോക റെക്കോഡ് മറികടക്കാൻ കോഹ്ലിക്ക് വേണം 77 റൺസ്!

ലോകകപ്പിൽ വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്ക്, ഇതിഹാസ താരം സചിൻ തെണ്ടുൽക്കറിന്‍റെ പേരിലുള്ള റെക്കോഡ് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 77 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 26,000 റൺസ് നേടുന്ന താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലാകും. നിലവിൽ 520 മത്സരങ്ങളിൽനിന്ന് 566 ഇന്നിങ്സുകളിലായി 25,923 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്.

ബംഗ്ലാദേശിനെതിരെ 77 റൺസ് നേടിയാൽ കോഹ്ലിക്ക് സചിനെ മറികടക്കാൻ. അടുത്ത 34 ഇന്നിങ്സുകളിലായി 77 റൺസ് നേടിയാലും ഈ റെക്കോഡ് കോഹ്ലിയുടെ പേരിലാകും. മൂന്നു താരങ്ങൾ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 26,000 പ്ലസ് റൺസ് നേടിയത്. 34,357 റൺസുമായി സചിനാണ് ഒന്നാമത്. 664 മത്സരങ്ങളിൽനിന്ന് 782 ഇന്നിങ്സുകളിലായാണ് താരം ഇത്രയും റൺസ് നേടിയത്. 28,016 റൺസുമായി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് രണ്ടാമത് (594 മത്സരങ്ങളും 666 ഇന്നിങ്സുകളും). മൂന്നാമതുള്ള മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 560 മത്സരങ്ങളും 668 ഇന്നിങ്സുകളുമായി 27,483 റൺസാണ് നേടിയത്.

ലങ്കയുടെ മുൻതാരം മഹേള ജയവർധനക്കു (25,957 റൺസ്) പിന്നിൽ അഞ്ചാമതാണ് കോഹ്ലി. 35 റൺസ് നേടിയാൽ മുൻ ലങ്കൻ നായകനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ കോഹ്ലിക്ക് നാലാമതെത്താം. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ റൺവേട്ടക്കാരനും സചിൻ തന്നെയാണ്. 45 മത്സരങ്ങളിൽനിന്നായി 2278 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. 1186 റൺസുമായി കോഹ്ലി എട്ടാമതാണ്. ഇന്നത്തെ മത്സരത്തിൽ 40 റൺസ് നേടിയാൽ താരത്തിന് നാലാം സ്ഥാനത്തെത്താനാകും.

മൂന്ന് മത്സരങ്ങളും ജയിച്ച് ഉജ്ജ്വല ഫോമിൽ ഇന്ത്യ, ബംഗ്ലാദേശിനെയും മറികടന്ന് പോയന്‍റി പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ചെന്നൈയിൽ ആസ്ട്രേലിയയെയും ഡൽഹിയിൽ അഫ്ഗാനിസ്താനെയും അഹ്മദാബാദിൽ പാകിസ്താനെയും ആധികാരികമായാണ് ഇന്ത്യ തകർത്തത്. ബാറ്റർമാരും ബൗളർമാരും ഫീൽഡർമാരും തങ്ങളുടെ ജോലികൾ ഭംഗിയായി നിർവഹിക്കുന്നാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.

Tags:    
News Summary - Virat Kohli Needs 77 Runs To Break Sachin Tendulkar's World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.