ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത് വൈഭവ് സൂര്യവംശിയെന്ന പേരാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ 14കാരൻ വൈഭവ് സെഞ്ച്വറി നേടിയിരുന്നു. ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു വൈഭവ് സ്വന്തമാക്കിയത്. എന്നാൽ, ഐ.പി.എല്ലിൽ തകർപ്പൻ ഫോമിൽ കളിക്കുമ്പോൾ ക്ലബ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ വേദിയിലേക്കുള്ള തന്റെ യാത്ര അത്ര സുഖകരമായിരുന്നില്ലെന്നും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് വൈഭവ്.
ഇന്ന് താൻ എവിടെ എത്തി നിൽക്കുന്നുവോ അതിന് നന്ദി പറയേണ്ടത് കുടുംബാംഗങ്ങളോടാണ്. തനിക്ക് പ്രാക്ടീസിന് പോകുന്നതിന് മുമ്പ് ഭക്ഷണം തയാറാക്കാനായി അമ്മ അതിരാവിലെ തന്നെ എഴുന്നേൽക്കാറുണ്ടായിരുന്നുവെന്നാണ് വൈഭവ് പറയുന്നത്.
മൂന്ന് മണിക്കൂർ മാത്രമാണ് അമ്മ ഉറങ്ങാറുള്ളത്. താൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ ജോലി വിട്ടു. സഹോദരനാണ് ഇപ്പോൾ ജോലി ചെയ്ത് വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഇപ്പോൾ താൻ നേടിയ നേട്ടങ്ങൾക്ക് പിന്നിൽ കുടുംബാംഗങ്ങളാണെന്നും വൈഭവ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വൈഭവ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ 11 സിക്സറും ഏഴ് ഫോറുമടിച്ച് 35 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ് 38 പന്തിൽ നിന്നും 101 റൺസ് നേടിയാണ് പുറത്തായത്. തനിക്ക് നേരെ പന്തുമായി എത്തിയ എല്ലാവരെയും ഒരു കാരുണ്യവുമില്ലാതെയാണ് വൈഭവ് എന്ന 14 കാരൻ സമീപിച്ചത്. ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്‍റെ വേഗതയേറിയ സെഞ്ച്വറിയും ഐ.പി.എല്ലിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമെല്ലാം അടിച്ചെടുത്താണ് ഈ കുട്ടിത്താരം കളം വിട്ടത്.
പവർപ്ലേയിൽ നിന്നും മാത്രം ആറ് സിക്സറാണ് യുവതാരത്തിന്‍റെ ഇന്നിങ്സിലുണ്ടായത്. മറ്റൊരു കൗതുകമായ കാര്യമാണ് ക്രിക്കറ്റ് ആരാധകർ ഇതിൽ നിന്നും കണ്ടെത്തിയത്. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ ഒമ്പത് മത്സരത്തിൽ നിന്നും വെറും അഞ്ച് സിക്സർ മാത്രമാണ് നേടിയത്. ഒരു മത്സരത്തിൽ നിന്നും മാത്രം വൈഭവ് ഇത് മറികടന്നിരിക്കുകയാണ്. ഇതാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.