അണ്ടർ 19 ലോകകപ്പ് ജേതാവായ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ഉൻമുക്ത് ചന്ദ് ആസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ (ബി.ബി.എൽ) കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി. ഹൊബാർട്ട് ഹുറികെയ്‌നിനെതിരെ മെൽബൺ റെനഗേഡ്‌സിനായി കളിച്ചാണ് വലംകൈയ്യൻ ബാറ്റർ അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനു കീഴിലാണ് ചന്ദ് കളിക്കുന്നത്. മത്സരത്തിൽ ഷോൺ മാർഷുമുണ്ടാകും.
2012ൽ ഓസ്‌ട്രേലിയയിൽ നടന്ന ഐ.സി.സി അണ്ടർ 19 ലോകകപ്പിൽ തന്‍റെ കൗമാരപ്രായത്തിലാണ് ചന്ദ് അന്താരാഷ്ട്ര വേദിയിലെത്തുന്നത്. ട്രാവിസ് ഹെഡ്, ആഷ്ടൺ ടർണർ എന്നിവരുൾപ്പെട്ട ആസ്‌ട്രേലിയൻ ടീമിനെതിരെ പുറത്താകാതെ 111 റൺസ് നേടിയ ചന്ദ് ഫൈനലിലെ മികച്ച കളിക്കാരനായി.
ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം ലക്ഷ്യമിട്ട് 2019ൽ ചന്ദ് ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനാകാതെ ഒരു വർഷത്തിനുള്ളിൽ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റ് വിട്ടു. പിന്നീട് അവസരങ്ങൾ തേടി അദ്ദേഹം യു.എസിലേക്ക് പോവുകയായിരുന്നു.
ഇന്ത്യ എ ടീം മുൻ ക്യാപ്റ്റൻ കൂടിയായ ചന്ദ്, ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചിട്ടില്ലെങ്കിലും ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവയുടെ ഭാഗമായിരുന്നു. 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ഉൾപ്പെടെ ഒരു പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര കരിയർ അദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.