വിവാദ എൽ.ബി.ഡബ്ല്യു; അസ്വസ്ഥനായി വിരാട് കോഹ്ലി; അമ്പയറെ ട്രോളി ആരാധകർ

ന്യൂഡൽഹി: ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ പുറത്താകലിനെ ചൊല്ലി വിവാദം. മത്സരത്തിന്റെ നിർണായക സമയത്ത് ആരാധകരെയും ഡ്രസിങ് റൂമിനെയും ഞെട്ടിച്ചാണ് താരത്തിന്‍റെ പുറത്താകൽ.

ഓസീസ് ബൗളിങ്ങിനു മുന്നിൽ പൊരുതിനിന്ന് ഇന്ത്യൻ സ്കോറിങ് ഉയർത്തുന്നതിനിടെ, ആദ്യ മത്സരം കളിക്കുന്ന മാത്യു കുനേമന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയാണു കോഹ്ലി പുറത്തായത്. 84 പന്തുകൾ നേരിട്ട താരം നാലു ഫോറുകളടക്കം 44 റൺസെടുത്തു. താരം മികച്ച സ്കോറിലേക്കെത്തുമെന്നു തോന്നിച്ച നിമിഷത്തിലായിരുന്നു പുറത്താകൽ. എന്നാൽ, കോഹ്ലിക്കെതിരെ എൽ.ബി.ഡബ്ല്യു വിധിച്ച അമ്പയറുടെ തീരുമാനമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇന്നിങ്സിന്‍റെ 50ാം ഓവറിലാണ് സംഭവം. കുനേമന്റെ പന്ത് ഫ്രണ്ട് ഫുട്ടിൽ ഡിഫെൻഡ് ചെയ്യുന്നതിനിടെ പന്ത് ബാറ്റിലും പാഡിലും തട്ടി. പിന്നാലെ ഓസീസ് താരങ്ങൾ ഔട്ടിനായി അപ്പീൽ ചെയ്തു. അമ്പയർ നിതിൻ മേനോൻ ഔട്ട് നൽകിയെങ്കിലും കോഹ്ലി റിവ്യൂ നൽകാൻ തീരുമാനിച്ചു. പന്ത് പാഡിൽ കൊണ്ട അതേസമയത്ത് തന്നെയാണ് ബാറ്റിൽ കൊണ്ടത് എന്ന് റിവ്യൂവിൽ വ്യക്തമായി. എന്നാൽ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണു തേർഡ് അമ്പയർ ചെയ്തത്.

അമ്പയറുടെ തീരുമാനത്തിൽ ആരാധകരും ഇന്ത്യൻ താരങ്ങളും അത്ഭുതപ്പെട്ടു. ഗ്രൗണ്ട് വിട്ടു പോകുമ്പോൾ കോഹ്ലി രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലെത്തിയ കോഹ്ലി, സഹതാരങ്ങൾക്കും പരിശീലകർ‌ക്കുമൊപ്പം ഔട്ടായതിന്റെ ദൃശ്യങ്ങൾ നോക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അമ്പയർ നിതിൻ മേനോന്റെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലാണ് ആരാധകർ രോഷം പ്രകടിപ്പിച്ചത്.

ട്വിറ്ററിൽ നിതിൻ മേനോൻ ട്രെൻ‍ഡിങ്ങാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മോശം അമ്പയറാണ് നിതിൻ മേനോനെന്ന് ഒരു ആരാധിക പ്രതികരിച്ചു.

Tags:    
News Summary - Umpire Nitin Menon gets slammed by fans after his controversial LBW decision against Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.