പാകിസ്താനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യ കപ്പിൽ ജയം 90 റൺസിന്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് എറിഞ്ഞിട്ടു. മലയാളി ബാറ്റർ ആരോൺ ജോർജിന്‍റെ അർധ സെഞ്ച്വറിയും കനിഷ്ക് ചൗഹാന്‍റെ ഓൾ റൗണ്ട് പ്രകടനവും ദീപേഷ് ദേവേന്ദ്രന്‍റെ ബൗളിങ്ങുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 83 പന്തിൽ 70 റൺസെടുത്ത ഹുസൈഫ അഹ്സനാണ് പാകിസ്താന്‍റെ ടോപ് സ്കോറർ. അഹ്സനെ കൂടാതെ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്.

ഓപ്പണർ ഇസ്മാൻ ഖാൻ (42 പന്തിൽ 16), ക്യാപ്റ്റൻ ഫർഹാൻ യൂസഫും (34 പന്തിൽ 23). ഏഴു ഓവറിൽ 16 റൺസ് വഴങ്ങി ദീപേഷ് മൂന്നു വിക്കറ്റെടുത്തു. 10 ഓവർ എറിഞ്ഞ കനിഷ്ക് 33 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ആരോൺ ജോർജിന്‍റെ (88 പന്തിൽ 85) അർധ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പട്ട സ്കോറിലെത്തിച്ചത്. ആദ്യ മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസെടുമെടുത്തു. യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ആറു പന്തിൽ അഞ്ചു റൺസുമായി പുറത്തായി.

നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്. വിഹാൻ മൽഹോത്ര (16 പന്തിൽ 12), വേദാന്ത് ത്രിവേദി (22 പന്തിൽ ഏഴ്), അഭിയാൻ കുണ്ടു (32 പന്തിൽ 22), ഖിലാൻ പട്ടേൽ (15 പന്തിൽ ആറ്), ഹെനിൽ പട്ടേൽ (20 പന്തിൽ 12), ദീപേഷ് ദേവേന്ദ്രൻ (അഞ്ചു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പാകിസ്താനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 13.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലാണ്.

ടോസിനുശേഷം പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയൂഷ് മാത്രെ തയാറായില്ല.

പെഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സീനിയർ ഏഷ്യ കപ്പിൽ ഇന്ത്യൻ നായകൻ സുര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകിയിരുന്നില്ല. പിന്നാലെ വനിതാ ഏകദിന ലോകകപ്, റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ട്വന്‍റി20 ടൂർണമെന്റുകളിലും പാക് ടീമംഗങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യ തയാറായിരുന്നില്ല. അണ്ടർ 19 ടൂർണമെന്റിൽനിന്നു രാഷ്ട്രീയം മാറ്റിനിർത്തണമെന്നും ഹസ്തദാനത്തിനു തയാറാകണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബി.സി.സി.ഐയോട് അഭ്യർഥിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഹസ്തദാനം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വിവരം മാച്ച് റഫറിയെ മുൻകൂട്ടി അറിയിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു. മത്സരത്തിൽ ടോസ് നേടിയ പാക് നായകൻ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴ കാരണം മത്സരം 49 ഓവറാക്കി ചുരുക്കിയിരിന്നു.

Tags:    
News Summary - U19 Asia Cup 2025: India Thrash Pakistan By 90 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.