ബാബർ അസം കോഹ്ലിക്കൊപ്പം (ഫയൽ ചിത്രം)
ലാഹോർ: ട്വന്‍റി20 ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കേ ബാബർ അസം ഫോമിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് പാകിസ്താൻ. ആസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി20 പരമ്പര തൂത്തുവാരിയതിനൊപ്പം, ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോഡ് മറികടന്നിരിക്കുകയാണ് ബാബർ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ അർധസെഞ്ച്വറി നേടിയതോടെയാണ് വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് ബാബർ മറികടന്നത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന താരം എന്ന നേട്ടം ഇനി ബാബറിന് സ്വന്തം.
36 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ബാബറിന്റെ കരിയറിലെ 39-ാം ടി20 ഫിഫ്റ്റിയാണിത്. ഇതോടെ 38 ഫിഫ്റ്റികളെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡ് പഴങ്കഥയായി. ടി20യിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ബാബറാണ്. 132 ഇന്നിങ്സുകളിൽ നിന്നായി 4,505 റൺസാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്.
ആസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര പാകിസ്താൻ 3-0ത്തിനാണ് തൂത്തുവാരിയത്. മൂന്നാം മത്സരത്തിൽ 111 റൺസിന്റെ പടുകൂറ്റൻ വിജയമാണ് പാകിസ്താൻ നേടിയത്. ടി20 ചരിത്രത്തിൽ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. സൽമാൻ ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്താൻ ടീം പരമ്പരയിൽ സമഗ്രാധിപത്യമാണ് പുലർത്തിയത്. മൂന്ന് മത്സരങ്ങളിൽനിന്നായി 120 റൺസ് നേടിയ സൽമാൻ ആഗ തന്നെയാണ് പരമ്പരയിലെ താരം. ലോകകപ്പിന് തൊട്ടുമുമ്പ് ആസ്‌ട്രേലിയയെപ്പോലെ കരുത്തരായ ടീമിനെ പരാജയപ്പെടുത്തിയതും ബാബർ ഫോമിലേക്ക് തിരിച്ചെത്തിയതും പാകിസ്താൻ ടീമിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്.
എന്നിരുന്നാലും പ്രമുഖ താരങ്ങളില്ലാതെ എത്തിയ ഓസീസ്, രണ്ടാം നിര ടീമിനെയാണ് പാകിസ്താനിലേക്ക് അയച്ചതെന്ന വിമർശനവുമായി മുൻതാരങ്ങളുൾപ്പെടെ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ‘ഇന്ത്യാ ബഹിഷ്കരണ’വും പാകിസ്താന് തിരിച്ചടിയായേക്കും. ഫെബ്രുവരി 7ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്താന്റെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്. എന്നാൽ, 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ മത്സരത്തിന് പാക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ മത്സരം ബഹിഷ്‌കരിച്ചാൽ പാക് ക്രിക്കറ്റ് ബോർഡിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.