അങ്കിത് ശർമ
പനാജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ജയത്തോടെ സീസൺ അവസാനിപ്പിച്ച് കേരളം. ഗോവയെ ഒമ്പത് വിക്കറ്റിനാണ് തോൽപിച്ചത്. അഞ്ചാം ദിനം ആതിഥേയർ നിശ്ചയിച്ച 29 റൺസ് വിജയലക്ഷ്യംരണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ കേരളം നേടി. നേരത്തേ 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഗോവ രണ്ടാം ഇന്നിങ്സിൽ 199 റൺസിന് പുറത്തായിരുന്നു.
രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും 36 റൺസ് നേടുകയും ചെയ്ത അങ്കിത് ശർമയാണ് കളിയിലെ താരം. നോക്കൗട്ട് സാധ്യതകളിൽനിന്ന് നേരത്തേ പുറത്തായ കേരളം ഒരു ജയവും രണ്ടു തോൽവിയും നാലു സമനിലയുമായി 14 പോയന്റോടെ എലൈറ്റ് ഗ്രൂപ് ബി-യിൽ അഞ്ചാം സ്ഥാനക്കാരായാണ് നിലവിലെ റണ്ണറപ്പുകൾ മടങ്ങുന്നത്. സ്കോർ: ഗോവ 355, 199; കേരളം 526/9 ഡിക്ല., 29/1.
ആദ്യ ഇന്നിങ്സിൽ വലിയ ലീഡ് വഴങ്ങിയ ഗോവ നാല് വിക്കറ്റിന് 46 റൺസെന്ന നിലയിലേക്ക് തകർന്നപ്പോൾ ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേർന്ന 44 റൺസിന്റെ കൂട്ടുകെട്ട് നേരിയ പ്രതീക്ഷ നൽകി.
എന്നാൽ, ഇരുവരെയും പുറത്താക്കി അങ്കിത് കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒമ്പതാം വിക്കറ്റിൽ ദർശൻ മിസലും അർജുൻ ടെണ്ടുൽകറും ചേർന്നുള്ള 60 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നിങ്സ് തോൽവിയിൽനിന്ന് രക്ഷിച്ചത്. 24 റൺസെടുത്ത അർജുൻ ടെണ്ടുൽകറെ പുറത്താക്കി അങ്കിത് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു.
55 റൺസെടുത്ത ദർശൻ മിസലിനെ പുറത്താക്കി നിധീഷ് എം.ഡി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. അങ്കിത് ശർമ മൂന്നും ബേസിൽ എൻ.പി, അഹമ്മദ് ഇംറാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനുവേണ്ടി അഭിഷേക് ജെ. നായരും സചിൻ ബേബിയുമാണ് ഇന്നിങ്സ് തുറന്നത്. ഒരു റണ്ണെടുത്ത സചിൻ തുടക്കത്തിൽ തന്നെ പുറത്തായി.
നാഗ്പുർ: നിലവിലെ ചാമ്പ്യന്മാരായ വിദർഭ രഞ്ജി ട്രോഫി നോക്കൗട്ട് റൗണ്ടിൽ കടക്കാതെ പുറത്തായി. അവസാന കളിയിൽ യു.പിയെ നാല് വിക്കറ്റിന് തോൽപിച്ച വിദർഭ എലൈറ്റ് ഗ്രൂപ് എ-യിൽ മൂന്നാംസ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ഈ ഗ്രൂപ്പിൽ ഝാർഖണ്ഡ്, ആന്ധ്ര, വിദർഭ ടീമുകൾക്ക് 31 പോയന്റ് വീതമുണ്ട്. എന്നാൽ, ടൈ ബ്രേക്കർ റൂൾസ് പ്രകാരം ചാമ്പ്യന്മാർ മൂന്നാമതായി. ഒരേ പോയന്റ് വരുമ്പോൾ ബോണസ് പോയന്റാണ് ആദ്യം പരിഗണിക്കുക. ഝാർഖണ്ഡിന് മൂന്നും ആന്ധ്രക്ക് രണ്ടും ബോണസ് പോയന്റുള്ളപ്പോൾ വിദർഭക്ക് ഒന്നേയുള്ളൂ. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ കേരളവും ഇക്കുറി നേരത്തേ പുറത്തായി.
ഗ്രൂപ്പ് ബി-യിൽനിന്ന് മധ്യപ്രദേശ് (28), കർണാടക (27), സി-യിൽനിന്ന് ബംഗാൾ (36), ഉത്തരാഖണ്ഡ് (29), ഡി-യിൽനിന്ന് മുംബൈ (33), ജമ്മു-കശ്മീർ (24) ടീമുകളും അവസാന എട്ടിൽ കടന്നു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ക്വാർട്ടർ ഫൈനലിൽ ഝാർഖണ്ഡിനെ ഉത്തരാഖണ്ഡും മധ്യപ്രദേശിനെ ജമ്മു-കശ്മീരും ബംഗാളിനെ ആന്ധ്രയും മുംബൈയെ കർണാടകയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.