ഇന്ത്യൻ ടീം പരിശീലനത്തിൽ
മുംബൈ: അരനൂറ്റാണ്ടോടടുക്കുന്ന കാത്തിരിപ്പാണ്. ഇതിനിടെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം രണ്ടുതവണ വീതം ഏകദിനത്തിലും ട്വന്റി20യിലും ലോക രാജാക്കന്മാരായി. പക്ഷേ, ഇക്കാലമത്രയായിട്ടും ഏകദിനത്തിലോ കുട്ടിക്രിക്കറ്റിലോ റാണിമാരായി വാഴാൻ വിമൻ ഇൻ ബ്ലൂവിനായില്ല. ഫൈനലിലെത്തിയപ്പോഴെല്ലാം തോൽവിയായിരുന്നു ഫലം. ഏകദിനത്തിൽ രണ്ടും ട്വന്റി20യിൽ ഒരുവട്ടവും കിരീടത്തിനരികിലേക്കുയർന്ന് നിരാശയുടെ പടുകുഴിയിലേക്ക് പതിച്ചു. അതെല്ലാം മായ്ച്ച് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഞായറാഴ്ച രാത്രി ഒരു വിജയ നക്ഷത്രമുദിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് 145 കോടി ഇന്ത്യക്കാർ. ഹർമൻപ്രീത് കൗർ കപ്പ് ഏറ്റുവാങ്ങുമ്പോൾ ഗാലറിയിലെ നീലസാഗരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് കളി വീക്ഷിക്കുന്ന ആരാധകരും ആഹ്ലാദാരവങ്ങളിലലിയും.
2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിൽ. മിതാലി രാജ് നയിച്ച സംഘത്തിന് പക്ഷേ ആസ്ട്രേലിയക്ക് മുന്നിൽ കിരീടം അടിയറവെക്കേണ്ടിവന്നു. 2017ൽ ഇംഗ്ലണ്ടിലായിരുന്നു മറ്റൊരു ഫൈനൽ പ്രവേശനം. മിതാലിതന്നെയായിരുന്നു ക്യാപ്റ്റൻ. ഹർമൻപ്രീതും സൂപ്പർ താരം സ്മൃതി മന്ദാനയും ഓൾ റൗണ്ടർ ദീപ്തി ശർമയുമെല്ലാം കളിച്ച കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷുകാരോട് മുട്ടുമടക്കി. മൂന്നാം ഫൈനലിൽ പിഴക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ നേടിയ റെക്കോഡ് ജയം ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.
അപരാജിത സെഞ്ച്വറിയുമായി തകർത്താടിയ ജെമീമ റോഡ്രിഗസ്, ശകത്തിനരികിൽ വീണ ഹർമൻ, നിർണായക സംഭാവനകൾ നൽകിയ റിച്ച ഘോഷ്, ദീപ്തി ശർമ തുടങ്ങിയവർ ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചു. സ്മൃതിയും ഷഫാലി വർമയുമടങ്ങുന്ന ഓപണിങ് ജോടി താളം കണ്ടെത്തുകയും മധ്യനിര ഇവർക്ക് മികച്ച പിന്തുണ നൽകുകയും ചെയ്താൽ ഇന്ന് റണ്ണൊഴുകും. പേസ് ഡിപ്പാർട്മെന്റിൽ രേണുക സിങ് താക്കൂർ ക്രാന്തി ഗൗഡും സജ്ജരാണ്. ഓൾ റൗണ്ടർ അമൻജോത് കൗർ ബൗളിങ്ങിൽ അപകടം വിതറാൻ പ്രാപ്തയാണ്. സ്പിന്നർമാരായി ദീപ്തിയും ശ്രീചരണിയും രാധ യാദവും സ്നേഹ് റാണയുമുണ്ട്. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ പ്രോട്ടീസ് മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക കാത്തിരിക്കുന്നതും ചരിത്ര കിരീടംതന്നെ. നാളിതുവരെയായി ദക്ഷിണാഫ്രിക്കയുടെ പുരുഷന്മാരോ വനിതകളോ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയിട്ടില്ല. ലീഗ് റൗണ്ടിലെ ഏഴിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് സെമിയിലെത്തിയത്. തുടർന്ന് ഇംഗ്ലണ്ടിനെതിരെ 125 റൺസിന്റെ കൂറ്റൻ ജയം. സെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിക്കാൻ ഓപണറായ ക്യാപ്റ്റൻ ലോറ വോൾവാർട്ടുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തി മാരിസാനെ കാപ്പും.
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, അമൻജോത് കൗർ, ദീപ്തി ശർമ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂർ, രാധ യാദവ്, ശ്രീ ചരണി, ഉമാ ഛേത്രി, അരുന്ധതി റെഡ്ഡി.
ദക്ഷിണാഫ്രിക്ക: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ), അനെകെ ബോഷ്, ടസ്മിൻ ബ്രിട്ട്സ്, നദീൻ ഡി ക്ലെർക്ക്, ആനെറി ഡെർക്സെൻ, സിനലോ ജഫ്ത, മരിസാൻ കാപ്പ്, അയബോംഗ ഖാക്ക, മസാബത ക്ലാസ്, സുനെ ലൂസ്, കരാബോ മെസോ, നോങ്കുലുലെക്കോ മ്ലാബ, തുമി സെഖ്ഹുസോ, നോണ്ടുമിസോ ഷാംഗസെ, ക്ലോ ട്രിയോൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.