കത്തിക്കയറി ഹാർദിക് (16 പന്തിൽ ഫിഫ്റ്റി), തകർത്തടിച്ച് തിലകും; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. തിലക് വർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു.

42 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 73 റൺസെടുത്ത തിലകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാർദിക് 25 പന്തിൽ അഞ്ചു വീതം സിക്സും ഫോറുമടക്കം 63 റൺസെടുത്തു. 16 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമത്. അഭിഷേക് 17 പന്തിൽ ഫിഫ്റ്റിയടിച്ചിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ 34 റൺസെടുത്ത അഭിഷേകിനെ കോർബിൻ ബോഷ് പുറത്താക്കി.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്തു. ജോർജ് ലിൻഡെയുടെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്. നായകൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ അഞ്ചു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ തിലകിന്‍റെയും ഹാർദിക്കിന്‍റെയും വെടിക്കെട്ടായിരുന്നു. നാലാം വിക്കിറ്റിൽ 105 റൺസാണ് ഇരുവരും നേടിയത്. മൂന്നു പന്തിൽ 10 റൺസുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശർമയും പുറത്താകാതെ നിന്നു.

പ്രോട്ടീസിനായി കോർബിൻ ബോഷ് രണ്ടും ഒട്ടിനിൽ ബാർട്ട്മാൻ, ജോർജ് ലിൻഡെ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയം തുടരാനായാൽ ഇന്ത്യക്ക് പരമ്പര 3-1ന് സ്വന്തമാക്കാം. സമനില പിടിക്കാൻ പ്രോട്ടീസിനും ജയം അനിവാര്യമാണ്.

പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരമാണ് സഞ്ജു ടീമിലെത്തിയത്. പേസർ ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിലെത്തിയപ്പോൾ ഹർഷിത് റാണയും കുൽദീപ് യാദവും പുറത്തായി. ഒരു മാറ്റവുമായാണ് സന്ദർശകർ കളിക്കാനിറങ്ങുന്നത്. ആൻറിച് നോർയെക്കു പകരം ജോർജ് ലിൻഡെ കളിക്കും. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ട് ടെസ്റ്റും ഏകപക്ഷീയമായി സന്ദർശകർ നേടിയപ്പോൾ ഏകദിനത്തിൽ 2-1നാ‍യിരുന്നു ആതിഥേ‍യ വിജയം.

Tags:    
News Summary - Tilak Varma, Hardik Pandya Score Fiery Fifties As India Post Mammoth Total

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.