വനിത ട്വന്റി20 ലോകകിരീടവുമായി ക്യാപ്റ്റന്മാരുടെ സെൽഫി
ബിർമിങ്ഹാം (ഇംഗ്ലണ്ട്): ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾക്കിടയിൽ ക്രിക്കറ്റ്പ്രേമികൾക്ക് കൺനിറയെ കാണാൻ വനിത ലോകകപ്പ് ട്വന്റി20. ഏകദിനത്തിൽ ലോകജേതാക്കളായ ഇന്ത്യയടക്കം 12 ടീമുകളാണ് ഇന്ന് തുടങ്ങുന്ന ലോകകപ്പിൽ മാറ്റുരക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11ന് ആതിഥേയരായ ഇംഗ്ലണ്ടും ഏഷ്യൻ സംഘമായ ശ്രീലങ്കയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി ഏഴിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം കിട്ടാക്കനിയാണ്. കഴിഞ്ഞ ഒമ്പത് ലോകകകപ്പുകളിൽ ആറും നേടിയത് ആസ്ട്രേലിയയാണ്. ന്യൂസിലൻഡാണ് നിലവിലെ ജേതാക്കൾ. ഇന്ത്യയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയുടെ ആധിപത്യം തകർക്കാൻ ശേഷിയുള്ള സംഘമാണ്. കങ്കാരു നാട്ടുകാരികൾക്ക് പഴയ കരുത്തുമില്ല. ആതിഥേയരെന്ന മുൻതൂക്കം ഇംഗ്ലണ്ടിനുണ്ട്. കഴിഞ്ഞ മൂന്ന് ഐ.സി.സി ടൂർണമെന്റ് ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും പെൺപുലികളാണ്. 2009 ലെ ആദ്യലോകകപ്പിന് ശേഷം ഇംഗ്ലണ്ടിൽ നടക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയാണിത്.
ആസ്ട്രേലിയക്കുശേഷം ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുന്ന രണ്ടാമത്തെ ടീമാകാനാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശ്രമം. ഏകദിന ലോകകപ്പ് നേടിയ ടീമിലെ നിരവധി താരങ്ങൾ ഒപ്പമുണ്ട്. രേണുക സിങ്, ക്രാന്തി ഗൗഡ് തുടങ്ങിയ പേസർമാരും ദീപ്തി ശർമ പോലുള്ള പരിചയസമ്പന്നരായ ഓൾറൗണ്ടർമാരും വളരെ ശക്തമായ ബാറ്റിങ് നിരയും ചേർന്ന് ഏഴ് മാസത്തിനുള്ളിൽ മറ്റൊരു ലോകകിരീടം നേടാനുള്ള കുരുത്തുണ്ട്.
സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമിമ റോഡ്രിഗ്വസ്, ക്യാപ്റ്റൻ ഹർമൻ പ്രീത് എന്നിവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകൾ. സ്മൃതിയും ഷെഫാലിയുമാണ് ഓപണർമാർ. ബൗളിങ്ങിൽ ദീപ്തിയും രേണുക സിങ്ങും കാന്തി ഗൗഡും ശ്രേയങ്ക പാട്ടീലും രാധ യാദവും ശ്രീചരണിയും ടീമിലുണ്ട്. ഷെഫാലി വർമയും ബൗളിങ്ങിൽ ഒരു കൈനോക്കും.
ഗ്രൂപ് എയിൽ പാസിസ്താൻ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്. ഏകദിന ലോകകപ്പ് നേടിയതിനുശേഷം ഇന്ത്യ ആസ്ട്രേലിയയെ അവരുടെ നാട്ടിൽ വെച്ചാണ് ടി20 പരമ്പരയിൽ 2-1 ന് പരാജയപ്പെടുത്തിയത്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-4 ന് തോറ്റു. ഇംഗ്ലണ്ടിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലും തോൽവി തന്നെയായിരുന്നു ഫലം. വെസ്റ്റ് ഇൻഡീസിനെതിരെ സന്നാഹ മത്സരം ജയിച്ചെങ്കിലും ബുധനാഴ്ച ഇംഗ്ലണ്ടിനോട് തോറ്റു. ആലീസ് കാപ്സിയുടെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അമേലിയ കെർ ന്യൂസിലൻഡിനെ നയിക്കും. സോഫി മോളിനക്സാണ് ഓസീസ് ക്യാപ്റ്റൻ. ലോറ വോൾവാർഡ് നയിക്കുന്ന ദക്ഷിണാഫ്രിക്കൻ പടയിൽ കെയ്ല റെയ്നെക്കെ, അന്നറി ഡെർക്സൺ എന്നിവരുൾപ്പെടെ കഴിവേറിയ താരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.