സമീപകാല തിരിച്ചടികൾക്ക് വിരാമം; സിംബാബ്വെക്കെതിരെയുള്ള ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ
ഹരാരെ: രണ്ട് പരമ്പരകളിലെ വൻ തോൽവിയുടെ നാണക്കേട് സിംബാബ്വെയിൽ തീർത്ത് ശ്രേയസ് അയ്യർക്കും ഇന്ത്യക്കും വിജയാഘോഷം. രണ്ടാം ട്വന്റി20 മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ ജയത്തോടൊപ്പം ഇന്ത്യക്ക് പരമ്പരയും സ്വന്തം. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ശ്രേയസ് അയ്യരുടെ ആദ്യ പരമ്പര വിജയമാണിത്. നേരത്തെ അയർലൻഡിലും ഇംഗ്ലണ്ടിലും നാണംകെട്ട തോൽവി വഴങ്ങിയാണ് സംഘം സിംബാബ്വെയിലെത്തിയത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഇഷാ ൻ കിഷാന്റെയും (44 പന്തിൽ 81റൺസ്), തിലക് വർമയുടെയും (29 പന്തിൽ 60 നോട്ടൗട്ട്) ബാറ്റിങ് മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 219റൺസ് കുറിച്ചാണ് പോരാട്ടത്തിന് അടിത്തറയൊരുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്കെതിരെ പിന്നീട് ബൗളിങ്ങിലായി ആക്രമണം. ബാറ്റിൽ നിറംമങ്ങിയ അഭിഷേക് ശർമ മൂന്ന് വിക്കറ്റ് നേട്ടവുമായി ബൗളിങ്ങിൽ ഫോമിലേക്കുയർന്നതോടെ ഇന്ത്യയുടെ വിജയം എളുപ്പത്തിലായി. കാര്യമായ ചെറുത്തുനിൽപിനൊന്നും ആയുസ്സില്ലാതെ സിംബാബ്വെ 17.5 ഓവറിൽ 129 റൺസിൽ പുറത്ത്. ഇന്ത്യക്ക് 90 റൺസിന്റെ ത്രസിപ്പിക്കുന്ന ജയവും. ഇതോടെ ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിന് കാത്തു നിൽക്കാതെ തന്നെ ഇന്ത്യക്ക് ട്വന്റി20 പരമ്പരയിലെ വിജയവും സ്വന്തമായി.
ടോസിൽ ജയിച്ച സിംബാബ്വെ ഇന്ത്യയെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ വിജയ ശിൽപി വൈഭവ് സൂര്യവംശിക്കൊപ്പം ക്രീസിൽ അഭിഷേക്. പക്ഷേ, രണ്ടാം ഓവറിൽ തന്നെ അഭിഷേക് (8) പുറത്ത്. രണ്ടാം വിക്കറ്റിൽ ഇഷനൊപ്പം റൺസ് പടുത്തുയർത്തുന്നതിനിടെ വൈഭവും (20) മടങ്ങി. പിന്നീട് ശ്രേയസ് അയ്യറിനും (25), തിലക് വർമക്കും (60) ഒപ്പം ചേർന്നാണ് ഇഷാൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. നാലാം വിക്കറ്റിൽ ഇഷൻ പുറത്തായതിനുശേഷം റിങ്കു സിങ്ങിനെയും (12) ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറുകളിൽ മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയും പായിച്ചാണ് തിലക് 60 റൺസ് പടുത്തുയർത്തിയത്.
ജയിക്കാൻ 220 എന്ന വൻ ലക്ഷ്യവുമായി കളത്തിലിറങ്ങിയ സിംബാബ്വെക്ക് വിക്കറ്റുകൾ നിശ്ചിത ഇടവേളകളിലായി നഷ്ടമായി. ബ്രയാൻ ബെന്നറ്റ് (32), ബെൻ കറൻ (1) എന്നിവരെ അടുത്തടുത്ത ഓവറുകളിൽ നഷ്ടമായി. ഡിയോൺ മൈറസ് (12), റ്യാൻബുറി (20), സികന്ദർ റാസ (0), വെസ്സി മാധ്വേർ (2), തഡിവാൻഷെ മരുമണി (24), ബ്രാഡ് ഇവാൻസ് (19) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ വീണുകൊണ്ടിരുന്നു. ഇന്ത്യൻ ബൗളിങ് നിരയിൽ യാഷ് ഠാകുർ, പ്രിൻസ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും, അഭിഷേക് മൂന്നും, രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.