രണ്ടാം ക്വാളിഫയറിൽ പോരാട്ടം സൺറൈസേഴ്സ് ബാറ്റർമാരും രാജസ്ഥാൻ സ്പിന്നർമാരും തമ്മിൽ

ചെന്നൈ: ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടുകയാണ്. കൊൽക്കത്തയോട് തോൽവി വഴങ്ങിയാണ് സൺറൈസേഴ്സ് എത്തുന്നതെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നാല് വിക്കറ്റിന്റെ ജയം നേടിയാണ് രാജസ്ഥാന്റെ വരവ്. ഇരു ടീമുകളും തമ്മിൽ ചെന്നൈയിലെ ചെപ്പോക്ക് മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ പോരാട്ടം സൺറൈസേഴ്സിന്റെ ബാറ്റർമാരും രാജസ്ഥാന്റെ സ്പിന്നർമാരും തമ്മിലായിരിക്കുമെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെന്റിച്ച് ക്ലാസൻ തുടങ്ങിയ വമ്പനടിക്കാർ ഹൈദരാബാദിന്റെ നിരയിലുണ്ട്. ഇവർക്ക് മറുപടി നൽകാൻ രാജസ്ഥാൻ കരുതിവെക്കുന്നത് രണ്ട് വ​ജ്രായുധങ്ങളെയാണ്. സ്പിന്നർമാരായ അശ്വിനും ചഹലുമാണ് സൺറൈസേഴ്സ് ബാറ്റിങ് നിരക്കെതിരെയുള്ള രാജസ്ഥാന്റെ ആയുധങ്ങൾ.

199.2 സ്ട്രൈക്ക് റേറ്റോടെ 533 റൺസാണ് ട്രാവിസ് ഹെഡ് ഇതുവരെ ഐ.പി.എല്ലിൽ നേടിയത്. 207.04 സ്ട്രൈക്ക് റേറ്റിൽ അഭിഷേക് 470 റൺസും നേടി. 413 റൺസ് നേടിയ ക്ലാസനും ഐ.പി.എല്ലിൽ അത്യുഗ്രൻ ഫോമിലാണ്. പക്ഷേ ചെപ്പോക്കിന്റെ മണ്ണിൽ രാജസ്ഥാനെ നേരിടുക സൺറൈസേഴ്സിന് അത്ര എളുപ്പമാവില്ല.

കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്കുയർന്ന ആർ.അശ്വിന്റെ സാന്നിധ്യം തന്നെയാണ് ഹൈദരാബാദിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. ചെപ്പോക്കിൽ കളിച്ച് പരിചയമുള്ള അശ്വിനെ ഫലപ്രദമായി നേരിടുകയെന്ന വെല്ലുവിളി സൺറൈസേഴ്സിന് ഏറ്റെടുക്കേണ്ടി വരും. ഏത് നിമിഷവും അപകടകാരിയായി മാറിയേക്കാവുന്ന ചഹലിന്റെ സാന്നിധ്യവും ഹൈദരാബാദിന് വെല്ലുവിളി ഉയർത്തും.

അതേസമയം, സഞ്ജു ഉൾപ്പെടുന്ന രാജസ്ഥാൻ ബാറ്റിങ് നിരയെ പരീക്ഷിക്കാൻ ശേഷിയുള്ള സ്പിന്നർമാർ സൺറൈസേഴ്സ് നിരയിൽ ഇല്ലെന്നത് അവർക്ക് തിരിച്ചടിയാണ്. എങ്കിലും ചെപ്പോക്കിൽ കളിച്ച് പരിചയമുള്ള നടരാജനും ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിൻസ് തുടങ്ങിയ ബൗളർമാരുടേയും കരുത്തിൽ രാജസ്ഥാനെ പിടിച്ചുകെട്ടാമെന്നാണ് സൺറൈസേഴ്സ് പ്രതീക്ഷ.

ആദ്യകളികളിലെ മികച്ച പ്രകടനത്തിന് ശേഷം തുടർ തോൽവികളിൽ വലഞ്ഞ രാജസ്ഥാൻ ​ആർ.സി.ബിക്കെതിരായ മത്സരത്തിൽ ഫോം വീണ്ടെടുത്തിരുന്നു. കൊൽക്കത്തക്കെതിരെ തോൽവി വഴങ്ങിയെങ്കിലും സൺറൈസേഴ്സിനെ ഇനിയും എഴുതി തള്ളാനാവില്ല.

Tags:    
News Summary - Sunrisers Hyderabad’s big-hitters up against Rajasthan’s spin stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.