സുനിൽ ഗാവസ്കർ
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്‍റി-20 മത്സരത്തിലുണ്ടായ കൺകഷൻ സബ്ബ് വിവാദം പുകയുന്നു. പരമ്പരക്ക് ശേഷം ഇന്ത്യൻ ടീമിനെതിരെയും കൺകഷൻ സബ്ബിനെതിരെയും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ശിവം ദുബെക്ക് പകരം ഹർഷിത് റാണ കളിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ദുബെക്ക് യഥാര്ത്ഥത്തിൽ പരിക്കേറ്റിട്ടില്ലെന്നും പറയുകയാണ് ഗവാസ്കർ.
'പൂനെയില്‍ നടന്ന മത്സരത്തില്‍ ഹെല്‍മറ്റില്‍ ബോള്‍ ഇടിച്ചതിന് ശേഷവും ദുബെ അവസാനം വരെ ബാറ്റുചെയ്തിരുന്നു. അദ്ദേഹത്തിന് പരിക്കുപറ്റിയിരുന്നില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ കണ്‍കഷന്‍ സബ്ബിനെ ഇറക്കാന്‍ അനുവദിച്ചത് തന്നെ ശരിയല്ല. ബാറ്റിങ്ങിനിടെ ദുബെയ്ക്ക് പരിക്കേല്‍ക്കുകയോ പേശീവലിവ് അനുഭവപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാരനെ കൊണ്ടുവരാന്‍ കഴിയുമെന്നത് സത്യമാണ്. പക്ഷേ ഇത് ഫീല്‍ഡിങ്ങിന് വേണ്ടി മാത്രമുള്ളതായിരുന്നു. ദുബെയ്ക്ക് ബോള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു.
ദുബെയ്ക്കും റാണയ്ക്കുമിടയില്‍ യാതൊരു സാമ്യതയുമില്ല. ഇരുവരും ഒരേ ഉയരമാണെന്നും ഫീല്‍ഡിങ് നിലവാരത്തിലും സാമ്യതയുണ്ടെന്നുമെല്ലാം വെറുതെ വേണമെങ്കില്‍ പറയാന്‍ കഴിയും. അതല്ലാതെ ഇരുവരും തമ്മിൽ ഒരു സാമ്യതയുമില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് രോഷം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഇന്ത്യ വളരെ മികച്ച ടീം തന്നെയാണ്. പക്ഷേ അവര്‍ക്ക് ഇത്തരം പ്രവൃത്തികളിലൂടെ വിജയം നേടേണ്ട കാര്യമില്ല', ഗവാസ്കർ പറഞ്ഞു.
നാലം ട്വന്‍റി-20യിൽ ബാറ്റിങ്ങിനിടെ പരിക്കേറ്റ ശിവം ദുബെ ഫീൽഡിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പകരം കൺകഷൻ സബ്ബായി എത്തിയ ഹർഷിത് റാണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു. റാണ പേസ് ബൗളറാണെന്നും ദുബെ വല്ലപ്പോഴും ബൗൾ ചെയ്യുന്ന ഒരു ബാറ്റിങ് ഓൾറൗണ്ടറാണെന്നുമുള്ളതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.