യഹ്‍യ സുഹൈലും പിതാവ് സുഹൈൽ സത്താറും
ബാലി: മൂന്നാം വിക്കറ്റിൽ പാഡണിഞ്ഞ് ക്രീസിലെത്തിയത് 50 കാരനായ സുഹൈൽ സത്താർ. രണ്ട് ഓവർ പൂർത്തിയാകും മുമ്പേ നാലാം വിക്കറ്റിൽ മകൻ യഹ് യ സുഹൈലും ക്രീസിൽ.
നൂറ്റാണ്ടിന്റെ ചരിത്രമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിൽ പിറന്നത് അപൂർവമായൊരു ചരിത്രം. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ പിതാവും മകനും ഒരു ടീമിൽ ഒന്നിച്ച് കളിക്കുകയെന്ന അപൂർവങ്ങളിൽ അപൂർവമായ റെക്കോഡിന് സാക്ഷ്യം വഹിച്ചത് ഈസ്റ്റ് തിമൂറും ഇന്തോനേഷ്യയും തമ്മിലെ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ മത്സരത്തിൽ.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ ഈസ്റ്റ് തിമോറിനു വേണ്ടിയാണ് പിതാവും മകനും രാജ്യത്തിനായി ഒന്നിച്ച് പാഡണിഞ്ഞത്. ഒരു റൺസുമായി യഹ്‍യ ആദ്യം പുറത്തായി. അധികം വൈകാതെ പിതവ് സുഹൈൽ സത്താർ 14 റൺസുമായും മടങ്ങി.
50 കാരനായ പിതാവ് സുഹൈൽ സത്താറിനും, 17 കാരനായ മകൻ യഹ്‍യക്കും ഇത് ദേശീയ ടീമിനൊപ്പമുള്ള അരങ്ങേറ്റം കൂടിയായിരുന്നു. ഇവർക്ക് മാത്രമല്ല, ടീമിലെ എല്ലവർക്കും അരങ്ങേറ്റമായിരുന്നുവെന്ന് പറയാം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു (ഐ.സി.സി) കീഴിൽ അടുത്തിടെ മാത്രം അംഗീകാരം ലഭിച്ച ഈസ്റ്റ് തിമോറിന് ക്രിക്കറ്റ് ക്രീസിലേക്കുള്ള അരങ്ങേറ്റവുമായിരുന്നു ഇത്. നവംബർ ആറിന് ഇന്തോനേഷ്യക്കെതിരായ മത്സരമായിരുന്നു ഐ.സി.സി അസോസിയേറ്റഡ് പദവിയുള്ള തിമോറിന്റെ ആദ്യ കളി. അതാവട്ടെ, പുതിയ ചരിത്രത്തിലേക്കുള്ള വഴിയുമായി.
ആഭ്യന്തര ക്രിക്കറ്റിലും ഫസ്റ്റ്ക്ലാസിലും അച്ഛനും മകനും നേരത്തെയും ഒന്നിച്ചു കളിച്ച വാർത്തകളുണ്ടായിരുന്നുവെങ്കിലും ദേശീയ ടീം ജഴ്സിയിൽ ഇത് ആദ്യമായാണ്. വിൻഡീസിന്റെ ശിവ്നരയ്ൻ ചന്ദർപോളും, മകൻ ടാഗ് നയെ്നും ഗയാനക്കുവേണ്ടി 11 മത്സരങ്ങളിൽ ഒരു ടീമിൽ കളിച്ചിരുന്നു. 2014 മാർച്ചിൽ ശിവ്നരെയ്ൻ ക്യാപ്റ്റനായ ടീമിലും മകൻ കളിച്ചു.
ഈ വർഷം അഫ്ഗാനിലെ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയും മകൻ ഹസൻ ഇസാഖ് അലിയും രണ്ട് ടീമുകളിലായി പരസ്പരം മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.