പാണ്ഡ്യക്ക് പകരം ശുഭ്മൻ ഗിൽ; ഗുജറാത്ത് ടൈറ്റൻസിന് പുതിയ നായകൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) യുവതാരം ശുഭ്മൻ ഗില്ലിനെ നായകനായി നിയോഗിച്ച് ഗുജറാത്ത് ടൈറ്റൻസ്. റെക്കോഡ് തുകക്ക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുന്ന നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യക്ക് പകരമാണ് നിയമനം. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ 59.33 റൺസ് ശരാശരിയിൽ 890 റൺസ് ശുഭ്മൻ ഗിൽ ഗുജറാത്തിനായി അടിച്ചുകൂട്ടിയിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു താരം.

‘ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇത്രയും മികച്ച ടീമിനെ നയിക്കാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് ഫ്രാഞ്ചൈസിക്ക് നന്ദി. ഞങ്ങൾക്ക് രണ്ട് അസാധാരണ സീസണുകൾ പൂർത്തിയാക്കി. ടീമിനെ നയിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’, നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗിൽ പ്രതികരിച്ചു.

‘കഴിഞ്ഞ രണ്ട് വർഷമായി കളിയുടെ ഏറ്റവും ഉയർന്ന തലത്തിലാണ് ശുഭ്മാൻ ഗിൽ. ഒരു ബാറ്ററായി മാത്രമല്ല, ക്രിക്കറ്റിലെ ഒരു നായകനെന്ന നിലയിലും അദ്ദേഹം പക്വത പ്രാപിക്കുന്നത് നാം കണ്ടു. ഫീൽഡിലെ അദ്ദേഹത്തിന്റെ സംഭാവന ഗുജറാത്ത് ടൈറ്റൻസിനെ കഴിഞ്ഞ സീസണുകളിൽ മികച്ച ശക്തിയായി ഉയർത്താൻ സഹായിച്ചു. ശുഭ്മനെപ്പോലൊരു യുവനായകനൊപ്പം പുതിയ യാത്ര തുടങ്ങാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്’ ഗുജറാത്ത് ടൈറ്റൻസ് ഡൈറക്ടർ വിക്രം സോളങ്കി പറഞ്ഞു.

15 കോടി രൂപ നൽകിയാണ് ഹാർദിക് പാണ്ഡ്യയെ മുംബൈ തിരിച്ചുപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഫ്രാഞ്ചൈസിയും വിട്ടുനൽകുന്ന താരങ്ങളുടെയും വാങ്ങുന്നവരുടെയും വിവരങ്ങൾ ഞായറാഴ്ച അറിയിക്കാൻ ബി.സി.സി.ഐ നിർദേശിച്ചിരുന്നു. ഡെഡ് ലൈൻ കഴിഞ്ഞ ശേഷം പാണ്ഡ്യയെ നിലനിർത്താൻ ഗുജറാത്ത് തീരുമാനിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു. നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിലും പാണ്ഡ്യ ഉണ്ടായിരുന്നു. എന്നാൽ, നാടകീയതകൾക്കൊടുവിൽ താരത്തെ കൈമാറാൻ ധാരണയാവുകയായിരുന്നു. ഐ.പി.എൽ താരലേലം നടക്കുന്ന ഡിസംബർ 19ന് ഏഴ് ദിവസം മുമ്പ് വരെ താരങ്ങളെ കൈമാറാൻ അവസരമുള്ളതിനാൽ പാണ്ഡ്യക്ക് മുംബൈക്കൊപ്പം ചേരാനാവും.

Tags:    
News Summary - Subhman Gill replaces Pandya; New captain for Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.