മുഹമ്മദ് ഷമി, സൗരവ് ഗാംഗുലി
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റിൽ ഉജ്വല ഫോമിൽ പന്തെറിയുമ്പോഴും ഇന്ത്യൻ ടീമിൽ നിന്നും മുഹമ്മദ് ഷമിയെ തുടർച്ചയായി തഴയുന്നത് ചോദ്യം ചെയ്ത് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. മികച്ച ശാരീരിക ക്ഷമതയും ഫോമും നിലനിർത്തുന്ന ഷമി ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമായി മൂന്ന് ഫോർമാറ്റിലും കളിക്കാൻ യോഗ്യനാണെന്നും, അദ്ദേഹം ടീമിൽ ഇടം അർഹിക്കുന്നുവെന്നും മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ബംഗാൾ ക്രിക്കറ്റ് അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.
‘ഷമി മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. അദ്ദേഹം ഫിറ്റ്നസിലും മികവ് തെളിയിച്ചു. മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങളിലും ബംഗാളിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുന്നത് കണ്ടു’ -ഗാംഗുലി പറഞ്ഞു.
രഞ്ജി ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിലായി 15വിക്കറ്റ് വീഴ്ത്തിയ ഷമി, ത്രിപുരക്കെതിരായ മൂന്നാം മത്സരത്തിലും റൺസ് വിട്ടു നൽകാതെ നന്നായി പന്തെറിഞ്ഞു.
സെലക്ടർമാർ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുണ്ട്. അവരും ഷമിയും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. ഫിറ്റ്‌നസിന്റെയും ഫോമിന്റെയും കാര്യം ചോദിച്ചാൽ അദ്ദേഹം മികച്ച നിലയിലാണ്. ഇന്ത്യയ്ക്കായി ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങൾ കളിക്കാൻ താരത്തിന് കഴിയും -ഗാംഗുലി പറഞ്ഞു.
പരിക്ക് ഭേദമായി ഫോമിലേക്കുയർന്നിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിലും ആസ്ട്രേലിയൻ പര്യടന സംഘത്തിലും ഷമിയെ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് രഞ്ജി ട്രോഫിയിൽ താരം ഉജ്വലമായി പന്തെറിഞ്ഞ് സെലക്ടർമാർക്ക് ഉത്തരം നൽകിയത്.
ടീമിൽ നിന്നും ഒഴിവാക്കിയത് ചീഫ് സെലക്ടർ അജിത് അഗാർക്കറും ഷമിയും തമ്മിലെ പരസ്യ വാക് പോരിലേക്കും നയിച്ചു. ദീർഘ സ്പെല്ലുകൾ കളിക്കാൻ ഷമി ഫിറ്റല്ലെന്ന അഗാർക്കറിന്റെ പരാമർശമായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഫിറ്റ്നസ് അപ്ഡേറ്റ് നൽകേണ്ട ബാധ്യത തനിക്കില്ലെന്നും, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പോയി പരിശീലിക്കുക, കളിക്കുക എന്നതാണ് തന്റെ ജോലിയെന്നുമായിരുന്നു ഷമിയുടെ മറുപടി. രഞ്ജി ട്രോഫി ഉൾപ്പെടെ ചതുർദിന മത്സരങ്ങളിൽ കളിക്കാമെങ്കിൽ ഏകദിനത്തിലും ടെസ്റ്റിലും കളിക്കാമെന്നും താരം വിശദീകരിച്ചു.
ഷമിയുടെ മറുപടിയിൽ പ്രകോപിതനായ അഗാർക്കർ, ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് തുറന്നടിച്ച് വിവാദം സങ്കീർണമാക്കി. ഷമിയുമായി ഫോണിൽ പലതവണ സംസാരിച്ചതായും, നേരിട്ട് പറഞ്ഞിരുന്നെങ്കിൽ മറുപടി നൽകിയേനെ എന്നുമായിരുന്നു അഗാർക്കറിന്റെ പ്രതികരണം.
2023 ഏകദിന ലോകകപ്പിനു പിന്നാലെ പരിക്കേറ്റ ഷമി, പിന്നീട് ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. ടൂർണമെന്‍റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഇന്ത്യയുടെ ടോപ് വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിനായി. എന്നിട്ടും ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് പരിഗണിക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു ശേഷം ടെസ്റ്റ് ടീമിലേക്കും താരത്തിന് വിളി വന്നിട്ടില്ല.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് നവംബർ 14ന് തുടക്കമാകും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20യും ഉൾപ്പെടുന്നതാണ് പരമ്പര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.