വിവാഹദിവസം വനിത ക്രിക്കറ്റർ സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം; ചടങ്ങുകൾ മാറ്റിവെച്ചു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലെ സാംഡോളിലുള്ള ഫാം ഹൗസിൽ വെച്ചായിരുന്നു ചടങ്ങുകൾ. സ്മൃതിയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെക്കുന്നതെന്ന് താരത്തിന്‍റെ മാനേജര്‍ തുഹിന്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ശ്രീനിവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കൾ പറഞ്ഞു. സ്മൃതിയും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ നില വഷളായതോടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും താരത്തിന്‍റെ മാനേജർ പറഞ്ഞു. വെഡ്ഡിങ് മനേജ്മെന്‍റ് ടീമും വിവാഹം മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചു.

വിവാഹ ആഘോഷങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. ഹൽദി ആഘോഷത്തിന്‍റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങൾക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, റേണുക സിങ്, ശിവാലി ഷിൻഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവർ നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ ശഫാലി വർമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത സ്മൃതി തന്നെയാണ് പുറത്തുവിട്ടത്. പ്രഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28കാരനായ പലാഷ്.

Tags:    
News Summary - Smriti Mandhana's Father Suffers Heart Attack, Wedding Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.