സ്മൃതി മന്ദാനയും പലാഷ് മുച്ഛലും (ഫയൽ ചിത്രം)
മുംബൈ: സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും. ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
ഇതോടെ ആഴ്ചകളായി ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ കാര്യം സ്മൃതി അറിയിച്ചത്.
''കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഈ സമയത്ത് തുറന്നു പറയേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. സ്വകാര്യത ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതങ്ങനെ തന്നെ തുടരാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ട്. ഈ വിഷയത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ എല്ലാം ചർച്ചകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഈ സമയത്ത് രണ്ടുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ നിലയിൽ മുന്നോട്ടു പോകാനുള്ള അവസരം നൽകണമെന്നും അപേക്ഷിക്കുന്നു ''-എന്നാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
രാജ്യത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു സ്മൃതിയുടേയും പലാഷിന്റെയും വിവാഹം. അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സ്മൃതിയും പലാഷും വിവാഹിതരാകാൻ തീരുമാനിച്ചത്. ഈ വർഷം നവംബർ 23നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാന ഹൃദയാഘാതം മൂലം ആശുപത്രിയിലായതിനെ തുടർന്ന് വിവാഹം മാറ്റിവെച്ചു. പിറ്റേ ദിവസം പലാഷും ആശുപത്രിയിലായി. അതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പലാഷിന്റെതെന്ന പേരിൽ സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നു. ഇതോടെ വിവാഹം മാറ്റിവെക്കാനുള്ള കാരണത്തെ കുറിച്ച് ആളുകൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. എന്നാൽ അപ്പോൾ സ്മൃതിയുമായുള്ള വിവാഹം നടക്കുമെന്ന വാദത്തിൽ പലാഷിന്റെ കുടുംബം ഉറച്ചുനിന്നു. സ്തൃതിയുടെ സ്ഥിരീകരണത്തോടെ അതിനാണിപ്പോൾ അന്ത്യമായിരിക്കുന്നത്. പലാഷ് സ്മൃതിയെ വഞ്ചിച്ചതാണെന്ന് വിവാഹം മാറ്റിവെക്കാനുണ്ടായ കാരണമെന്നാണ് പ്രചരിച്ചിരുന്നത്.
കൊറിയോഗ്രഫർ കൂടിയായ മറ്റൊാരു യുവതിയുമായി പലാഷിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇതിന് തെളിവായി ഇരുവരും തമ്മിലെ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും വൈറലായി. മേരി ഡി കോസ്റ്റ എന്ന യുവതിയാണ് റെഡ്ഡിറ്റിൽ പലാഷുമായി നടത്തിയ ചാറ്റ് പങ്കുവെച്ചത്.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് യുവതി സ്റ്റാറ്റസ് ആയി പങ്കുവെച്ചതും വൈറലായി. സ്മൃതിയുമായുള്ള ബന്ധത്തെ പലാഷ് തള്ളിപ്പറയുന്നതും, ക്രിക്കറ്റ് താരവുമായി അടുത്ത ബന്ധമില്ലെന്നും മൂന്ന്-അഞ്ച് മാസത്തിൽ ഒരിക്കൽമാത്രമാണ് കാണുന്നതെന്നും സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ചോദ്യത്തിന് പലാഷ് മറുപടി നൽകുന്നു. അതേസമയം, ഈ ചാറ്റുകളുടെ ആധികാരികത വ്യക്തമല്ല.
ചാറ്റ് സ്ക്രീൻ ഷോട്ടുകൾ എക്സിലെയും ഇൻസ്റ്റ് ഗ്രാമിലെയും വിവിധ പ്ലാറ്റ്ഫോമുകളിലും വൈറലായി. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് വിവാഹ പോസ്റ്റുകളെല്ലാം നീക്കിയിരുന്നു. എന്നാല്‍, പലാഷ് മുച്ചാലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം വിവാഹത്തിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2019 മുതൽ സ്മൃതിയും പലാശും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2024ലാണ് ബന്ധം പരസ്യപ്പെടുത്തുന്നത്. കഴിഞ്ഞ മാസം വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതോടെ സ്മൃതിയുടെ താരപദവി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.