ഷോ​ൺ റോ​ജ​ർ

അഭിമാനമായി ഷോൺ റോജർ; സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരള ടീമിൽ ഇടംപിടിച്ച് വെട്ടുകാട് സ്വദേശി

തിരുവനന്തപുരം: തലസ്ഥാനത്തിന് വീണ്ടും അഭിമാനമായി വെട്ടുകാട് സ്വദേശി ഷോൺ റോജർ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ സഞ്ജു സാംസൺ നയിക്കുന്ന 17 അംഗ കേരള ടീമിലാണ് 19 വയസ്സുകാരനായ ഷോൺ റോജർ ഇടംപിടിച്ചു.

വയനാട്ടിൽ നടന്ന സീനിയർ ക്യാമ്പിലും കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രസിഡൻറ് ട്രോഫിയിലും നടത്തിയ മിന്നും പ്രകടനമാണ് ഈ യുവതാരത്തെ ടീമിൽ എത്തിച്ചത്.

കഴിഞ്ഞ മാസം സിംബാബ്വെ അണ്ടർ 23 ദേശീയ ടീമിനെതിരെ നടന്ന ട്വൻറി20 മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ റോജർ, ദിവസങ്ങൾക്ക് മുമ്പ് നടന്ന കെ.സി.എ പ്രസിഡൻറ് ട്രോഫിയിൽ രണ്ട് അർധ സെഞ്ച്വറിയടക്കം 246 റൺസ് കരസ്ഥമാക്കി. ടൂർണമെന്‍റിലെ പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരവും ഷോണിനായിരുന്നു.

ഇന്ത്യ അണ്ടർ19 ബി ടീമിൽ അംഗമായിരുന്ന ഈ ഓൾ റൗണ്ടർ, കഴിഞ്ഞ സീസണിലെ വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടെ 294 റൺസ് ആയിരുന്നു ഷോണിന്‍റെ സമ്പാദ്യം.

ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബി ടീമിനായി കളിച്ച ഷോൻ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതാണ് കഴിഞ്ഞ വർഷം ദേശീയ ടീമിലേക്ക് വഴിതുറന്നത്.സായ് ക്രിക്കറ്റ് കോച്ചിങ്‌ സെന്‍ററിൽ ദേശീയ കോച്ചായ ബിജു ജോർജിന്‍റെ കീഴിലാണ് ഒമ്പതു വർഷമായി ഷോൺ പരിശീലിക്കുന്നത്.

യു.എ.ഇയിൽ ബിസിനസുകാരനായിരുന്ന ആന്‍റണി റോജറിന്‍റെയും പെട്രീഷ്യ‍യുടെയും മകനായ ഷോൺ യു.എ.ഇയിലാണ് കളി തുടങ്ങിയത്. 2014ൽ കേരളത്തിലെത്തി. പിന്നീട് യു.എ.ഇയിലേക്ക് മടങ്ങിയ ഷോൺ അവിടെ യു.എ.ഇ അണ്ടർ16 ടീമിൽ ഇടം നേടി. 2017ൽ കേരളത്തിൽ തിരിച്ചെത്തിയ ഷോൺ പിന്നീട് കേരള ടീമിന്‍റെ ഏജ് ഗ്രൂപ്പുകളിൽ സ്ഥിരംസാന്നിധ്യമായിരുന്നു.

അണ്ടർ16, 19 തലത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഷോൺ. പഞ്ചാബിലാണ് കേരളത്തിന്‍റെ മത്സരം. അരുണാചൽ പ്രദേശ്, കർണാടക, ഹരിയാന, സർവിസസ്, മഹാരാഷ്ട്ര, ജമ്മു-കശ്‌മീർ, മേഘാലയ ടീമുകൾക്കൊപ്പം ഗ്രൂപ് ബിയിലാണ് കേരളം.

ഒക്ടോബർ 11ന് അരുണാചൽ പ്രദേശിനെതിരായ മത്സരത്തോടെ ടൂർണമെന്‍റ് ആരംഭിക്കുന്ന കേരളം 12, 14, 16, 18, 20, 22 തീയതികളിൽ വീണ്ടും കളത്തിലിറങ്ങും. കഴിഞ്ഞ സീസണിൽ ക്വാർട്ടറിലെത്തിയ കേരളം തമിഴ്നാടിനോട് തോറ്റ് പുറത്തായിരുന്നു.

Tags:    
News Summary - Shaun Roger participate in the Sanju Samson-led 17-member Kerala squad for the Syed Mushtaq Ali Trophy cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.