റൊലോഫ് വാൻ ഡെർ മെർവും സ്കോട്ട് എഡ്വാർഡ്സും ബാറ്റിങ്ങിനിടെ

എടുത്തുയർത്തി എഡ്വാർഡ്സ്; വാലുകുത്തിയുയർന്ന് നെതർലൻഡ്സ്

ധർമശാല: വൻ തകർച്ചയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സിനെ വാലറ്റത്തെ കൂട്ടുപിടിച്ച് വമ്പൻ സ്കോറിലേക്ക് നയിച്ച് നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്വാർഡ്സ്. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പുറത്താകാതെ 78 റൺസെടുത്ത എഡ്വാർഡ്സിന്റെ മികവിൽ ഓറഞ്ചുപട 43 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് അടിച്ചുകൂട്ടി. മഴ കാരണം മത്സരം 43 ഓവർ വീതമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. 34 ഓവറിൽ ഏഴിന് 141 റൺസെന്ന ഘട്ടത്തിൽനിന്ന് 43 ഓവറിൽ 245 റൺസിലെത്തുകയായിരുന്നു ഡച്ചുകാർ.

ടോസ് നേടിയ ആഫ്രിക്കക്കാർ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തകർന്ന നെതർലാൻഡ്സ് 15 ഓവർ പിന്നിടുമ്പോൾ നാലു വിക്കറ്റിന് 50 റൺസെന്ന പരിതാപകരമായ നിലയിലായിരുന്നു. വിക്രംജിത് സിങ് (രണ്ട്), മാക്സ് ഒഡോവ്ഡ് (18) ബാസ് ഡെ ലീഡ് (രണ്ട്), കോളിൻ ആക്കർമാൻ (12) എന്നിവരാണ് എളുപ്പം മടങ്ങിയത്. എഡ്വാർഡ്സിനൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ സിബ്രാൻഡ് എംഗൽബ്രെക്ടും (19) തേജ നിദമനുരുവും (20) മടങ്ങിയതോടെ സ്കോർ ആറു വിക്കറ്റിന് 112.

ലോഗൻ വാൻ ബീക്കിനെ (10) മറുവശത്ത് കൂട്ടുനിർത്തി നായകൻ ആക്രമിച്ചുകളിക്കാൻ തുടങ്ങിയതോടെ സ്കോർ ബോർഡും ചലിച്ചുതു​ടങ്ങി. 140ൽ നിൽക്കെ തേജ മടങ്ങിയശേഷം വന്ന റെലോഫ് വാൻഡെർ മെർവ് ക്യാപ്റ്റനൊത്ത കൂട്ടാളിയായി. 19 പന്തിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം 29 റൺസെടുത്ത് വാൻഡെർ മെർവ് പുറത്താകുമ്പോഴേക്ക് സ്കോർ 204 കടന്നിരുന്നു. എട്ടാം വിക്കറ്റിൽ 30 പന്തിൽ ഇരുവരും ചേർത്തത് 64 റൺസ്.

പത്താമനായി പിന്നീട് ക്രീസിലെത്തിയ ആര്യൻ ദത്ത് അടിച്ചുതകർത്തതോടെ നെതർലാൻഡ്സിന് കടിഞ്ഞാണിടാനാകാതെ ദക്ഷിണാഫ്രിക്ക വിയർത്തു. കേവലം ഒമ്പതു പന്തിൽ മൂന്നു സിക്സടക്കം പുറത്താകാതെ 23 റൺസ് നേടിയ ദത്തും എഡ്വാർഡ്സും ചേർന്ന് ​​അഭേദ്യമായ ഒമ്പതാം വിക്കറ്റിൽ 19 പന്തിൽ അടിച്ചുകൂട്ടിയത് 41 റൺസ്! 69 പന്തിൽ പത്തു ഫോറും ഒരു സിക്സുമടക്കമാണ് എഡ്വാർഡ്സ് 78 റൺ​സിലെത്തിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുംഗി എൻഡിഗി, മാർകോ ജാൻസൺ, കാഗിസോ റബാദ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Scott Edwards leads Netherlands recovery to take them to 245 for 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.