മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുംനേരെ വിമർശനം ശക്തമാകുന്നു. ഇന്ദോറിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 338 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 41 റൺസിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-2ന് ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യയിൽ വെച്ച് ന്യൂസിലൻഡ് നേടുന്ന ആദ്യ ഏകദിന പരമ്പരയാണിത്.
37-ാം വയസ്സിലും തന്റെ പോരാട്ടവീര്യം ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് സൂപ്പർ താരം വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. 124 റൺസുമായി അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സഹതാരങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കോഹ്‌ലി ഒരറ്റത്ത് പൊരുതുമ്പോൾ മറുവശത്ത് വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണുകൊണ്ടിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (23), സീനിയർ താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യർ (3), കെ.എൽ. രാഹുൽ (1) എന്നിവർ ബാറ്റിങ്ങിൽ പരാജയപ്പെട്ടത് തോൽവിക്ക് പ്രധാന കാരണമായി. മധ്യനിരയിൽ അർധ സെഞ്ച്വറികളുമായി നിതീഷ് കുമാർ റെഡ്ഡിയും ഹർഷിത് റാണയും കോഹ്‌ലിക്ക് ചെറിയ പിന്തുണ നൽകിയതൊഴിച്ചാൽ ആർക്കും വലിയ ഇന്നിങ്സുകൾ കളിക്കാനായില്ല.
ഇന്ത്യയുടെ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ഇന്ത്യൻ ടീമിനെയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയെയും രൂക്ഷമായാണ് വിമർശിച്ചത്. ഇന്ത്യ ഇപ്പോഴും വിജയത്തിനായി ഒരു വ്യക്തിയെ (വിരാട് കോഹ്‌ലി) മാത്രം അമിതമായി ആശ്രയിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിരാട് കോഹ്‌ലി ഒറ്റയ്ക്ക് എത്ര മത്സരങ്ങളിൽ നമ്മളെ വിജയിപ്പിക്കുമെന്ന് അദ്ദേഹം ചോദിച്ചു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ 4, 27, 12 എന്നിങ്ങനെയായിരുന്നു ജദേജയുടെ പ്രകടനം. ജദേജയുടെ ഭാഗത്തുനിന്നും പഴയ ഉത്സാഹം കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ ഏകദിന ടീമിലെ ഭാവി ചോദ്യചിഹ്നമാണെന്നും ശ്രീകാന്ത് പറഞ്ഞു.
സ്വന്തം മണ്ണിൽ വെച്ച് ന്യൂസിലൻഡിനോട് ആദ്യമായി ഒരു ഏകദിന പരമ്പര നഷ്ടപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ്. ഗൗതം ഗംഭീർ പരിശീലകനായ ശേഷമുള്ള ടീമിന്റെ ഈ പ്രകടനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തെ മറികടന്ന് ന്യൂസിലൻഡ് ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ, ഇന്ത്യൻ ടീമിലെ മറ്റു താരങ്ങളുടെ നിരുത്തരവാദ സമീപനമാണ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.