ആർ.സി.ബിക്ക് ഹോംഗ്രൗണ്ടിൽ കളിക്കാം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾക്ക് അനുമതി നൽകി സർക്കാർ

ബംഗളൂരു: മാർച്ചിൽ ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. ശനിയാഴ്ച കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (കെ.എസ്.സി.എ) ഈ വിവരം അറിയിച്ചത്. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും പരിശോധിച്ച ശേഷമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. സർക്കാർ നിർദ്ദേശിച്ച കർശനമായ നിബന്ധനകൾ പാലിക്കാമെന്ന് കെ.എസ്.സി.എ ഉറപ്പുനൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ കിരീടവിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹയുടെ നേതൃത്വത്തിലുള്ള കമീഷൻ സ്റ്റേഡിയം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വിലക്കുകയും ചെയ്തു.

ഈ സംഭവത്തെത്തുടർന്ന് ബംഗളൂരുവിന് വനിതാ ഏകദിന ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന പുരുഷ ട്വന്‍റി ലോകകപ്പിലെ മത്സരങ്ങളും ഇവിടെനിന്ന് മാറ്റിയിരുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) അംഗീകരിച്ച വിദഗ്ധർ സ്റ്റേഡിയത്തിന്റെ ഘടനാപരമായ സുരക്ഷാ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കെ.എസ്.സി.എ സമർപ്പിച്ച പുതിയ സുരക്ഷാ പദ്ധതികൾ അംഗീകരിച്ചാണ് ഇപ്പോൾ മത്സരങ്ങൾ നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്.

ഇതോടെ 2026 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തന്നെ കളിക്കാനാകുമെന്ന് ഉറപ്പായി. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക മേൽനോട്ട സമിതിയും ഉണ്ടാകും. നേരത്തെ സർക്കാർ അനുമതി നിഷേധിച്ചതോടെ വിരാട് കോഹ്ലി പങ്കെടുത്ത വിജയ് ഹസാരം ട്രോഫി മത്സരങ്ങളുൾപ്പെടെ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Bengaluru's Chinnaswamy Stadium gets government nod to host IPL, international matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.