ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വെറ്ററൻ താരം രോഹിത് ശർമയുടെ ഫോമിനെച്ചൊല്ലി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. രോഹിത്തിന് ഇനി പഴയ ഫോമിലേക്ക് എത്താനാകുമോ എന്നും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നുമുള്ള ചോദ്യങ്ങളുമായി മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ കേവലം 11 റൺസിനാണ് രോഹിത് പുറത്തായത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി 61 റൺസ് മാത്രമാണ് ആരാധകരുടെ സ്വന്തം ഹിറ്റ്മാന് നേടാനായത്.
ആസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ മികച്ച ഫോമിലായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരെ ആ ഫോം തുടരാൻ രോഹിത്തിന് സാധിച്ചില്ല. ന്യൂസിലൻഡ് മുൻതാരം സൈമൺ ഡൗൾ രോഹിത്തിന്റെ നിലവിലെ സമീപനവുമായി ബന്ധപ്പെട്ടാണ് ചോദ്യമുയർത്തുന്നത്. രോഹിത്തിന് ഇനിയും കളിക്കാൻ അതിയായ ആഗ്രഹം ബാക്കിയുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ട്വന്‍റി20, ടെസ്റ്റ് ക്രിക്കറ്റുകളിൽനിന്ന് വിരമിച്ച രോഹിത് ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന 2027 ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ചിടത്തോളം ഏറെ അകലെയാണോ എന്ന് സൈമൺ ഡൗൾ ചോദിക്കുന്നു.
ട്വന്‍റി20 ലോകകപ്പും ഏകദിന ലോകകപ്പും മുന്നിൽ കണ്ടായിരുന്നു രോഹിത് ഇതുവരെ കളിച്ചിരുന്നത്. എന്നാൽ അടുത്ത വലിയ ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ സമയമുള്ളതിനാൽ ഇടവേളകളിൽ മാത്രം ഏകദിനം കളിക്കുന്നത് അദ്ദേഹത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി ജൂലൈയിൽ ഇംഗ്ലണ്ടിൽ വെച്ച് നടക്കാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമായിരിക്കും രോഹിത് അടുത്തതായി ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങുക. ഇത്രയും നീണ്ട ഇടവേളകൾ ഒരു താരത്തിന്റെ ഫോമിനെ ബാധിച്ചേക്കാം.
രോഹിത് പരാജയപ്പെട്ടപ്പോൾ ഈ പരമ്പരയിൽ വിരാട് കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 80 ശരാശരിയിൽ 240 റൺസ് കോഹ്ലി അടിച്ചെടുത്തു. പരമ്പര നിർണയിച്ച അവസാന മത്സരത്തിൽ അദ്ദേഹം സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു. ടെസ്റ്റ്-ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. 2027 ലോകകപ്പിലേക്ക് ഇനിയും ഒന്നര വർഷം ശേഷിക്കെ രോഹിത്തിന്റെ പ്രായവും ഫോമും വലിയ ചോദ്യചിഹ്നമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.