മലയാളി താരം സഞ്ജു സാംസണിന്‍റെ മികവിലാണ് ഇന്ത്യ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ജയിച്ചത്. വിക്കറ്റിനു പിന്നിലും മുന്നിലും തകർത്തുകളിച്ച സഞ്ജു മത്സരത്തിലെ താരവുമായി.
ലോങ് ഓഫിനു മുകളിലൂടെ സിക്‌സർ പറത്തി ഇന്ത്യക്ക് പരമ്പരയിലെ തുടർച്ചയായ രണ്ടാം വിജയം സമ്മാനിച്ച സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ് സമൂഹമാധ്യമങ്ങൾ. എന്നാൽ, മത്സരത്തിലെ തകർപ്പൻ പ്രകടനത്തിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകാനും താരത്തിനായി.
അർബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സക്കുവേണ്ടിയാണ് രണ്ടാം ഏകദിനം സിംബാബ്‌വേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചത്. ഇതിന്‍റെ ഭാഗമായി അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് കൈമാറി. ഈ പന്ത് സമ്മാനിക്കാൻ സിംബാബ്‌വേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു.
പന്തിൽ ഒപ്പിട്ടശേഷമാണ് സഞ്ജു ബാലന് അത് കൈമാറിയത്. ഹൃദയസ്പർശിയായ അനുഭവം എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. കൂടാതെ, ദേശീയ ടീമിന്റെ ജഴ്‌സിയും 500 ഡോളറും ക്രിക്കറ്റ് ബോർഡ് സമ്മാനിച്ചു. സഞ്ജുവിനുവേണ്ടി പ്രർഥിച്ച ബാലൻ, പന്തിൽ ചുംബിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. കൂടാതെ, മത്സരത്തിലെ മികച്ച താരത്തിനുള്ള തുകയും സഞ്ജു ബാലന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.