ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയല്‍സ് അഞ്ച് റണ്‍സിനാണ് പഞ്ചാബ് കിങ്സിനോടു പൊരുതി തോറ്റത്. അവസാന ഓവറുകളിലെ വമ്പനടികളിലൂടെ ഷിംറോൺ ഹെറ്റ്മിയറും ധ്രുവ് ജുറലും ടീമിന് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലെത്താനായില്ല.
അവസാന ഓവറിൽ ഹെറ്റ്മിയർ റണ്ണൗട്ടായതാണ് രാജസ്ഥാനു തിരിച്ചടിയായത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ യുവതാരം ധ്രുവ് ജുറൽ 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. 25 പന്തിൽ 42 റൺസെടുത്തു പുറത്തായ ക്യാപ്റ്റൻ സഞ്ജു സാംസണാണു രാജസ്ഥാന്റെ ടോപ് സ്കോറർ.
അവസാന ഓവറിൽ 16 റൺസാണ് ടീമിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, 10 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസിലൊതുങ്ങി. ഏഴാം നമ്പറിൽ ഇറങ്ങിയ വെസ്റ്റിൻഡീസ് താരം ഹെറ്റ്മിയർ 18 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്.
രാജസ്ഥാന്‍റെ തോൽവിയിൽ മുൻ ഇന്ത്യൻ സ്റ്റാർ ഓപ്പണർ വിരേന്ദർ സെവാഗ് നായകൻ സഞ്ജുവിനെയും പരിശീലകൻ കുമാർ സംഗക്കാരയെയുമാണ് പഴിക്കുന്നത്. വെസ്റ്റീൻഡീസ് താരത്തെ നേരത്തെ ഇറക്കാത്തതാണ് തോൽവിക്കു കാരണമെന്ന് സെവാഗ് പറയുന്നു. അവസാന ഓവറുകളിൽ ക്രീസിലെത്തിയതിനാൽ ടീമിനെ ജയിപ്പിക്കുന്നതിലേക്കുള്ള മതിയായ പന്തുകൾ താരത്തിന് കിട്ടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഹെറ്റ്മിയറിന് ബാറ്റിങ്ങിന് വേണ്ടത്ര പന്തുകൾ ലഭിച്ചില്ല. ഈ 200 സ്ട്രൈക്ക് റേറ്റ് കൊണ്ട് എന്ത് കാര്യം? നാലോ, അഞ്ചോ നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ, റിയാൻ പരാഗിന് മുമ്പോ അല്ലെങ്കിൽ പടിക്കലിന് മുമ്പോ വന്നിരുന്നെങ്കിൽ, അയാളും ഇടകൈയൻ ബാറ്ററാണ്, അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കൂടുതൽ പന്തുകൾ ലഭിക്കുമായിരുന്നു. വെസ്റ്റിൻഡീസിന് വേണ്ടി നാലാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. ഇന്ത്യയിൽ സെഞ്ച്വറി നേടിയ അദ്ദേഹത്തിന് സാഹചര്യങ്ങൾ നന്നായി അറിയാം. കഴിഞ്ഞ വർഷവും രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം നടത്തി. ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായിരുന്നപ്പോഴും അവരെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു’ -സെവാഗ് ക്രിക്ബസ്സിനോട് വെളിപ്പെടുത്തി.
ഹെറ്റ്മിയറെ നേരത്തെ ഇറക്കണമായിരുന്നു. അദ്ദേഹം അപകടകാരിയായ ബാറ്ററാണ്. മത്സരത്തിലേക്ക് വരുകയാണെങ്കിൽ നായകൻ ശിഖർ ധവാന്‍റെ അപരാജിത ബാറ്റിങ്ങും (86*) നഥാൻ എല്ലിസിന്‍റെ നാലു വിക്കറ്റ് പ്രകടനവുമാണ് പഞ്ചാബിന് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചതെന്നും സെവാഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.