രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സൂപ്പർ സ്പിന്നർ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക് സിക്സുകളാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ ഗതി തിരിച്ചത്. ട്വന്റി20യിലെ ഏറ്റവും മികച്ച ബോളറായ റാഷിദിന്‍റെ ഓരോവറിൽ സഞ്ജു തുടർച്ചയായ മൂന്നു സിക്സുകളാണ് നേടിയത്.
മത്സരത്തിന്റെ 13ാം ഓവറിലാണ് റാഷിദ് ഖാനെതിരെ സഞ്ജു തുടരെ 3 സിക്സുകൾ പറത്തിയത്. 32 പന്തിൽ 60 റൺസ് നേടിയ സഞ്ജുവിന്റെയും 26 പന്തിൽ 56 റൺസ് നേടിയ ഷിംറോൺ ഹെറ്റ്‌മെയറുടെയും ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.
തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിനു പിന്നാലെയാണ് സഞ്ജു തകർപ്പൻ ബാറ്റിങ്ങുമായി കളം നിറഞ്ഞത്. സീസണിലെ താരത്തിന്‍റെ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. മത്സരത്തിൽ ആറു സിക്സുകളാണ് താരം നേടിയത്. ഇതോടെ ഐ.പി.എല്ലിൽ ആറു ഇന്നിങ്സുകളിൽ ആറോ അധിലധികമോ സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കി.
സൂപ്പർ താരങ്ങളായ ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ്, ആന്ദ്രെ റസ്സൽ എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ. ഈ സൂപ്പർതാരങ്ങളുടെ ക്ലബിലാണ് സഞ്ജുവും ഇടംപിടിച്ചത്. യൂസഫ് പത്താനാണ് സഞ്ജുവിന് തൊട്ടുതാഴെയുള്ള ഇന്ത്യൻ താരം. അഞ്ചു ഇന്നിങ്സുകളിൽ ആറോ അധികലധികമോ സിക്സുകൾ യൂസഫ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.