ഇനിയും പുറത്തിരുത്താനാവില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ കയറി വന്നിരിക്കുന്നു, ഇന്ത്യൻ ക്രിക്കറ്റ് ട്വന്റി20 ടീമിലേക്ക്

‘ഞാൻ ക​ളി​ക്കാ​നാ​ണ് വെ​ള്ളം ചു​മ​ക്കാ​ന​ല്ലെ’​ന്ന് പ​ണ്ട് സൗ​ര​വ് ഗാം​ഗു​ലി, ക്യാ​പ്റ്റ​ൻ അ​സ്ഹ​റു​ദ്ദീ​നോ​ട് കൗ​ണ്ട​റ​ടി​ച്ച​പോ​ലെ സ​ഞ്ജു സാം​സ​ൺ എ​ന്ന തീ​ര​ദേ​ശ​വാ​സി പ​യ്യ​ന് ക​ഴി​യി​ല്ലാ​യി​രു​ന്നു. കാ​ര​ണം അ​വ​ൻ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പ​ഠി​ച്ച​ത് ഗോ​ഡ്ഫാ​ദ​ർ​മാ​രി​ല്ലാ​ത്ത പി​ച്ചി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പ​ല​പ്പോ​ഴും വെ​ള്ളം ചു​മ​ക്കാ​ൻ വേ​ണ്ടി മാ​ത്രം അ​യാ​ൾ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി. ഗം​ഭീ​ര ഫോ​മി​ൽ നി​ൽ​ക്കു​മ്പോ​ഴും സ്വ​ന്തം നാ​ട്ടു​കാ​രു​ടെ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ടീ​മം​ഗ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം ചു​മ​ന്ന് അ​യാ​ൾ ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ഓ​ടി​യി​ട്ടു​ണ്ട്.

ഒ​ടു​വി​ൽ, സൈ​റ്റ് സ്ക്രീ​ൻ ​കൊ​ണ്ട് ഈ ​സൂ​ര്യ​നെ മ​റ​യ്ക്കാ​നൊ​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​വ​ൻ വ​ന്നി​രി​ക്കു​ന്നു, ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ദേ​ശീ​യ ടീ​മി​ലേ​ക്ക്. ​ പാ​ഡു​കെ​ട്ടി​യ കാ​ലം മു​ത​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ അ​വ​ഗ​ണ​ന​യു​ടെ ക്രീ​സി​ലാ​യി​രു​ന്നു എ​ന്നും സ​ഞ്ജു.

ഡ​ൽ​ഹി​യി​ലെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സു​ക​ളി​ൽ മ​ക​ൻ തു​ട​ർ​ച്ച​യാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ൽ മ​നം മ​ടു​ത്താ​ണ്, 13 വ​യ​സ്സു​ള്ള സ​ഞ്ജു​വു​മാ​യി അ​ച്ഛ​ൻ സാം​സ​ൺ വി​ശ്വ​നാ​ഥ് ഡ​ൽ​ഹി പൊ​ലീ​സി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. ആ ​തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ച്ച് 14ാം വ​യ​സ്സി​ൽ സ​ഞ്ജു കേ​ര​ള ര​ഞ്ജി ടീ​മി​ൽ. പി​ന്നീ​ടു​ള്ള​തെ​ല്ലാം ച​രി​ത്രം.

ഐ.​പി.​എ​ൽ പ്ര​ക​ട​ന​ങ്ങ​ൾ ഒ​രു​വി​ഭാ​ഗം താ​ര​ങ്ങ​ൾ​ക്ക് മാ​ത്രം ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വാ​തി​ലാ‍യ​പ്പോ​ൾ സ​ഞ്ജു​വി​ന​ത് സം​ഭ​വി​ച്ചി​ല്ല. പ​ല​പ്പോ​ഴും പ്ര​ധാ​ന താ​ര​ങ്ങ​ൾ മാ​റി​നി​ൽ​ക്കു​മ്പോ​ൾ മാ​ത്രം സ​ഞ്ജു​വി​ന് ദേ​ശീ​യ ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ചു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പോ​ലൊ​രു ഐ.​പി.​എ​ൽ ടീം ​ക്യാ​പ്റ്റ​നാ​യി​ട്ടും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​യാ​ളു​ടെ അ​വ​സ്ഥ.

2015 ജൂ​ലൈ​യി​ൽ സിം​ബാ​ബ്‍വെ​ക്കെ​തി​രെ സ​ഞ്ജു ഇ​ന്ത്യ​ക്കാ​യി ട്വ​ന്‍റി20​യി​ൽ അ​ര​ങ്ങേ​റി​യി​രു​ന്നു. പ​ക്ഷേ, ഇ​തു​വ​രെ ക​ളി​ച്ച​ത് 25 രാ​ജ്യാ​ന്ത​ര ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും 15 ഏ​ക​ദി​ന​ങ്ങ​ളും മാ​ത്രം. ഐ.​പി.​എ​ല്ലി​ൽ വ​ർ​ഷ​ങ്ങ​ൾ തി​ള​ങ്ങി​യി​ട്ടും ഐ.​സി.​സി​യു​ടെ ഒ​രു പ​ര​മ്പ​ര​യി​ലും ടീം ​ഇ​ന്ത്യ സ​ഞ്ജു​വി​നെ ക​ളി​പ്പി​ച്ചി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ടീം ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഏ​റെ നി​രാ​ശ​നാ​യ ഒ​രാ​ള്‍ സ​ഞ്ജു​വാ​യി​രു​ന്നു. ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്കും ഏ​ഷ്യ ക​പ്പി​ലേ​ക്കും അ​യാ​ളെ ബി.​സി.​സി.​ഐ പ​രി​ഗ​ണി​ച്ച​തേ​യി​ല്ല.

പേ​രി​നു​പോ​ലും ഒ​രു ബാ​റ്റ​റി​ല്ലാ​ത്ത നാ​ട്ടി​ൽ​നി​ന്ന് ഇ​ന്ന് അ​യാ​ൾ ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യെങ്കിൽ അ​ത​യാ​ൾ പോ​രാ​ടി നേ​ടി​യെ​ടു​ത്ത​താ​ണ്. ഗ്രൗ​ണ്ടി​ന് അ​ക​ത്തും പു​റ​ത്തും ഇ​ന്നും അ​യാ​ൾ പോ​രാ​ടു​ന്നു.

വി​രാ​ട് കോ​ഹ്‍ലി വി​ശേ​ഷി​പ്പി​ച്ച​തു​പോ​ലെ ‘എ ​ഫി​യ​ർ​ലെ​സ് ക്രി​ക്ക​റ്റ​ർ’. ത​നി​ക്ക് മു​ന്നി​ൽ അ​ട​ച്ചി​ട്ട വാ​തി​ലു​ക​ൾ ഒ​രി​ക്ക​ൽ ബി.​സി.​സി.​ഐ​ക്ക് തു​റ​ന്നി​ടേ​ണ്ടി​വ​രു​മെ​ന്ന് ഈ ​മ​ല​യാ​ളി പ​യ്യ​ന് അ​റി​യാ​മാ​യി​രു​ന്നു. 

ഏത് പൊസിഷനിലേക്കും ഒരു പീരങ്കി

2024 ഐ.​പി.​എ​ൽ സീ​സ​ണി​ലെ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങും ഏ​ത് പൊ​സി​ഷ​നി​ലും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന സാ​ധ്യ​ത​യു​മാ​ണ് കെ.​എ​ൽ. രാ​ഹു​ലി​നെ പി​ന്ത​ള്ളി ട്വ​ന്‍റി20 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ൻ സ്ക്വാ​ഡി​ൽ ഇ​ടം​പി​ടി​ക്കാ​ൻ സ​ഞ്ജു​വി​നെ സ​ഹാ​യി​ച്ച​ത്.

ഓ​പ​ണി​ങ് റോ​ളി​ൽ രോ​ഹി​ത്-​ജ​യ്സ്വാ​ൾ സ​ഖ്യം ഇ​റ​ങ്ങു​മ്പോ​ൾ കോ​ഹ്‍ലി​ക്കും സൂ​ര്യ​കു​മാ​റി​നും ശേ​ഷം മ​ധ്യ​നി​ര​യി​ൽ ആ​രൊ​ക്കെ​യെ​ന്ന​താ​യി​രു​ന്നു ബി.​സി.​സി.​ഐ തി​ര​ഞ്ഞ​ത്. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റായാണ് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും പ്ലേ​യി​ങ് ഇ​ല​വ​നി​ൽ താ​രം ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും ബി.​സി.​സി.​ഐ ചീ​ഫ് സെ​ല​ക്ട​ര്‍ അ​ജി​ത് അ​ഗാ​ര്‍ക്ക​ര്‍ ന​ൽ​കു​ന്നു​ണ്ട്.

ധോണിയെ മറികടന്ന ഇരട്ട സെഞ്ച്വറി

2019ലെ ​വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​ൽ ഗോ​വ​ക്കെ​തി​രെ, 125 പ​ന്തു​ക​ളി​ല്‍നി​ന്ന് പു​റ​ത്താ​കാ​തെ എ​ടു​ത്ത 212 റ​ൺ​സി​ലൂ​ടെ മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യെ മ​റി​ക​ട​ന്ന് ഒ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ നേ​ടു​ന്ന ഉ​യ​ര്‍ന്ന സ്കോ​റാ​യി. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടു​ന്ന ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​റു​മാ​യി. വി​ജ​യ് ഹ​സാ​രെ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റും ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഇ​ര​ട്ട സെ​ഞ്ച്വ​റി​യും ഈ ​ഇ​ന്നി​ങ്സി​ലൂ​ടെ സ​ഞ്ജു കു​റി​ച്ചി​ട്ടു.

സഞ്ജു സിക്സർ

നേ​രി​ടു​ന്ന ആ​ദ്യ പ​ന്തു​ത​ന്നെ ഗാ​ല​റി​ക്ക് മു​ക​ളി​ലേ​ക്ക് പ​റ​ത്തി​വി​ടാ​ൻ കെ​ൽ​പ്പു​ള്ള ചു​രു​ക്കം ബാ​റ്റ​ർ​മാ​രി​ലൊ​രാ​ളാ​ണ് സ​ഞ്ജു. എന്നാൽ ഈ ചി​ന്ത സ​ഞ്ജു​വി​ന് തി​രി​ച്ച​ടി​യു​മാ​യി. ദേ​ശീ​യ ടീ​മി​ൽ ബാ​റ്റ് ചെ​യ്യാ​ൻ അ​പൂ​ർ​വ​മാ​യി മാ​ത്രം അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന സ​ഞ്ജു, ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന് പാ​ളി​പ്പോ​കു​മാ​യി​രു​ന്നു.

ഇ​തോ​ടെ സ്ഥി​ര​ത​യി​ല്ലാ​ത്ത ക​ളി​ക്കാ​ര​നെ​ന്ന മേ​ല​ങ്കി ചാർത്തി സെ​ല​ക്ട​ർ​മാ​ർ. ഒ​ടു​വി​ൽ ആ ​ക​ള​ങ്കം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ താ​രം ക​ഴു​കി​ക്ക​ള​ഞ്ഞു. പാ​ളി​ലെ ബോ​ള​ണ്ട് പാ​ർ​ക്കി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ച്വ​റി അ​ടി​ച്ച് സ​ഞ്ജു (114 പ​ന്തി​ൽ 108) ‘മ​സി​ലു പെ​രു​പ്പി​ച്ച​പ്പോ​ൾ’ പി​റ​ന്ന​ത് ച​രി​ത്രം. 

തുടക്കം 

2007: കേരള U-13 ക്രിക്കറ്റ് ടീമിൽ അംഗം.

2008-09: 14ാം വയസ്സിൽ വിജയ് മർച്ചന്‍റ് ട്രോഫി ഗോവക്കെതിരെ ഇരട്ട സെഞ്ച്വറി. രഞ്ജി ടീമിലെത്തിയ

ഏറ്റവും പ്രായം കുറഞ്ഞ കേരള ക്രിക്കറ്റർ

2011-12: രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ അരങ്ങേറ്റം.

2011: ഒക്ടോബർ 16 ന് ട്വന്‍റി 20 അരങ്ങേറ്റം.

2012: ആന്ധ്രപ്രദേശിനെതിരെ ലിസ്റ്റ്-എ തുടക്കം.

2012-13: രഞ്ജിയിൽ ഹിമാചൽ പ്രദേശിനെതിരെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി( 207 പന്തിൽ 127).

2013-14: അസമിനെതിരെ രഞ്ജി ട്രോഫിയിലെ തന്‍റെ ആദ്യ ഇരട്ട സെഞ്ച്വറി.

20ാം വയസ്സിൽ കേരള രഞ്ജി ക്യാപ്റ്റൻ. രഞ്ജിയിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

2014: അണ്ടർ-19 ലോകകപ്പ് ദേശീയ ടീം വൈസ് ക്യാപ്റ്റൻ

2014 ആഗസ്റ്റ്: ഇംഗ്ലണ്ടിനെതിരായ 17 അംഗ ദേശീയ ടീമിൽ. അന്തിമ ഇലവനിൽ കളിക്കാനായില്ല.

2015: ലോകകപ്പിൽ ഇന്ത്യയുടെ 30 അംഗ സാധ്യതാ പട്ടികയിൽ. അന്തിമ ടീമിൽ ഇടം നേടിയില്ല.

2015: സിംബാബ്‌വെക്കെതിരായി ട്വന്‍റി 20 അന്താരാഷ്ട്ര അരങ്ങേറ്റം

2019: ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിൽ. മുഴുവൻ മത്സരങ്ങളിലും ബെഞ്ചിൽ.

2019: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 പരമ്പര ടീമിൽ. കളിക്കാനായില്ല.

2021: ശ്രീലങ്കക്കെതിരെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം

2022: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഏകദിന ടീമിൽ. രണ്ടാം മത്സരത്തിൽ കന്നി ഏകദിന അർധ സെഞ്ച്വറി.

2023: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന ടീമിൽ. മൂന്നാം ഏകദിനത്തിൽ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ)

2012: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. ബെഞ്ചിൽ.

2013: രാജസ്ഥാൻ റോയൽസിൽ. പഞ്ചാബിനെതിരെ അരങ്ങേറ്റം. രണ്ടാം മത്സരത്തിൽ 63 റൺസ്. ഐ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരൻ.

2013: 206 റൺസും 13 ക്യാച്ചുകളുമായി സീസണിലെ ഏറ്റവും മികച്ച യുവതാരം.

2016: ഡെൽഹി ഡെയർ ഡെവിൾസിൽ.

2017: ഡൽഹി ജഴ്സിയിൽ ആദ്യ ഐ.പി.എൽ സെഞ്ച്വറി (63 പന്തിൽ 102).

സഞ്ജു വിശ്വനാഥ് സാംസൺ

ജനനം: 11 നവംബർ 1994 (29 വയസ്സ്)

സ്ഥലം: തിരുവനന്തപുരം പുല്ലുവിള

ഉയരം: 5 അടി 7 ഇഞ്ച് (170 സെ.മീ)

ബാറ്റിങ് രീതി: വലംകൈയൻ

ഫീൽഡിങ് റോൾ : വിക്കറ്റ് കീപ്പർ

പ്രാഥമിക വിദ്യാഭ്യാസം: ഡൽഹിയിലെ റോസറി സീനിയർ സെക്കൻഡറിസ്കൂൾ, തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ

കോളജ്: തിരുവനന്തപുരം മാർ ഇവാനിയോസ്, കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം

പരിശീലകർ: ഷാലിമാർ ബാഗിലെ ഡി.എൽ ഡി.എ.വി മോഡൽ സ്കൂളിലെ അക്കാദമിയിൽ യശ്പാൽ, ബിജു ജോർജ് (തിരുവനന്തപുരം)

അക്കാദമി : സിക്സ് ഗൺസ് സ്പോർട്സ് അക്കാദമി (തിരുവനന്തപുരം)

പിതാവ്: സാംസൺ വിശ്വനാഥ്

അമ്മ: ലിജി വിശ്വനാഥ്

ഭാര്യ: ചാരുലത 

വിയർപ്പു തുന്നിയിട്ട നീലക്കുപ്പായം

അവഗണനകളുടെ പരമ്പരകൾക്കൊടുവിൽ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടീമിൽ എത്തിയപ്പോൾ സഞ്ജു സാംസൺ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത് ‘‘വിയർപ്പു തുന്നിയിട്ട കുപ്പായം’’ എന്നായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ ആദ്യ വരിയാണത്.


‘‘വിയർപ്പു തുന്നിയിട്ട

കുപ്പായം - അതിൽ

നിറങ്ങളൊന്നുമില്ല, കട്ടായം

കിനാവുകൊണ്ടു കെട്ടും

കൊട്ടാരം - അതിൽ

മന്ത്രി നമ്മൾ തന്നെ രാജാവും’’

(മഞ്ഞുമ്മൽ ബോയ്സ്)

Tags:    
News Summary - Sanju is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.