തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (കെ.സി.എൽ) വിലക്കിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് കെ.സി.എക്കെതിരെ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് മൂന്നു വർഷത്തെ വിലക്കേർപ്പെടുത്തിയത്.
കൊച്ചിയിൽ ചേർന്ന പ്രത്യേക ജനറൽ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പിൽ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദ പരാമർശങ്ങളെ തുടന്ന് ശ്രീശാന്തിനു കെ.സി.എ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സഞ്ജുവിന്‍റെ പിതാവ് സാംസൺ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കുമെന്നും കെ.സി.എ അറിയിച്ചു. ‘വിലക്കിനുള്ള കാരണം അറിയില്ല, ഇതുമായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിച്ചശേഷം നിയമനടപടി ആലോചിക്കും’ -ശ്രീശാന്ത് പറഞ്ഞു.
വാതുവെപ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് അന്ന് കെ.സി.എ ശ്രീശാന്തിന് മറുപടി നൽകിയത്. അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
കൂടാതെ, സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, 24ന്യൂസ് ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും തീരുമാനിച്ചതായി കെ.സി.എ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.