തലങ്ങും വിലങ്ങും സിക്സർ, ഒരോവറിൽ ഏഴെണ്ണം; റെക്കോർഡിട്ട് ഋതുരാജ് ഗെയ‍്‍ക‍്‍വാദ് -VIDEO

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏഴ് സിക്സർ പറത്തി റെക്കോർഡിട്ട് ഇന്ത്യൻ താരം ഋതുരാജ് ഗെയ‍്‍ക‍്‍വാദ്. വിജയ് ഹസാരെ ട്രോഫിയിൽ യു.പിക്കെതിരായ മത്സരത്തിലാണ് മഹാരാഷ്ട്രക്ക് വേണ്ടിയിറങ്ങിയ ഋതുരാജ് സിക്സറുകളുടെ വെടിക്കെട്ട് തീർത്തത്. ലിസ്റ്റ് എ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരോവറില്‍ തുടര്‍ച്ചയായി ഏഴ് സിക്സറുകള്‍ അടിക്കുന്നത്. മത്സരത്തിൽ ഇരട്ട സെഞ്ച്വറിയും (220) താരം സ്വന്തമാക്കി.

യു.പിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 49ാം ഓവറിലായിരുന്നു ഋതുരാജിന്‍റെ വിളയാട്ടം. ഇടംകൈയൻ സ്പിന്നർ ശിവ സിങ് ആയിരുന്നു പന്തെറിയാനെത്തിയത്. ആദ്യ പന്ത് ഒരു ലോ ഫുൾട്ടോസ്. ലോങ് ഓണിനു മുകളിലൂടെ സിക്സർ. രണ്ടാംപന്ത് സ്ട്രെയിറ്റ് ഡൗൺ സിക്സർ. മൂന്നാമതെറിഞ്ഞ ഷോർട് പിച്ച് പന്ത് ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സർ. നാലാം പന്ത് ലോങ് ഓഫിന് മുകളിലൂട പറന്നു. അടുത്ത പന്ത് നോബോൾ. അതേ ദിശയിൽ സിക്സർ. ആറാം പന്തും സിക്സർ പറത്തിയതോടെ ഋതുരാജിന് ഇരട്ട സെഞ്ച്വറി. ഏഴാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക് പറത്തി സിക്സറുകളുടെ മാലപ്പടക്കം പൂർത്തിയാക്കി. നോബോൾ ഉൾപ്പെടെ 43 റൺസാണ് ശിവ സിങ് വിട്ടുകൊടുത്തത്. 


159 ബോളിൽ നിന്നാണ് ഋതുരാജ് 220 റൺസെടുത്തത്. മഹാരാഷ്ട്രയുടെ മറ്റ് ബാറ്റർമാരെല്ലാം ചേർന്ന് 142 പന്തിൽ നിന്ന് ആകെ നേടിയത് 96 റൺസ് മാത്രമാണ്. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് ടീം നേടിയത്. 

മത്സരത്തിൽ യു.പി 272 റൺസിന് ഓൾ ഔട്ടായി. 58 റൺസിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യ സെമി ഫൈനലിൽ കർണാടക സൗരാഷ്ട്രയുമായും രണ്ടാം സെമിയിൽ മഹാരാഷ്ട്ര അസമിനെയും നേരിടും.

Tags:    
News Summary - Ruturaj Gaikwad slams record seven sixes in an over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.