ആര്യൻഷ് ശർമ ബാറ്റിങ്ങിനിടെ

അഞ്ച് വിക്കറ്റ് പിഴുത് ജുനൈദ് സിദ്ദിഖി, ആര്യൻഷ് ശർമക്കും സോഹൈബ് ഖാനും ഫിഫ്റ്റി; കാനഡയെ തകർത്ത് യു.എ.ഇ

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി യു.എ.ഇ. ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ യു.എ.ഇ കുറിച്ചത്. ജുനൈദ് സിദ്ദിഖിയുടെ തകർപ്പൻ ബൗളിങ്ങും ആര്യൻഷ് ശർമ, സോഹൈബ് ഖാൻ എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് യു.എ.ഇക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. സ്കോർ: കാനഡ -20 ഓവറിൽ ഏഴിന് 150, യു.എ.ഇ - 19.4 ഓവറിൽ അഞ്ചിന് 151.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാനഡയെ 150 റൺസിൽ ഒതുക്കുന്നതിൽ യു.എ.ഇ ബൗളർ ജുനൈദ് സിദ്ദിഖി പ്രധാന പങ്കുവഹിച്ചു. നാലോവറിൽ 35 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജുനൈദ് വീഴ്ത്തിയത്. കാനഡക്ക് വേണ്ടി ഹർഷ് താക്കർ (41 പന്തിൽ 50) അർധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് ബാറ്റ്സ്മാന്മാർക്ക് ജുനൈദിന്റെ പന്തുകളെ പ്രതിരോധിക്കാനായില്ല. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ജുനൈദ് സിദ്ദിഖിയാണ് കളിയിലെ താരം.

151 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ മുഹമ്മദ് വസീമിനെ (നാല്) മൂന്നാം ഓവറിൽ തന്നെ നഷ്ടമായി. ആദ്യ അഞ്ച് ഓവറിൽ വെറും 22 റൺസ് മാത്രമാണ് യു.എ.ഇ സ്കോർ ബോർഡിൽ പിറന്നത്. ആറാം ഓവറിൽ ജസ്കരൻ സിങ്ങിനെതിരെ 17 റൺസ് അടിച്ചെടുത്ത ആര്യൻഷ് ശർമ യു.എ.ഇക്ക് ആത്മവിശ്വാസം നൽകി.

മധ്യനിരയിൽ അലിഷാൻ ഷറഫു (അഞ്ച്), മായങ്ക് കുമാർ (നാല്), ഹർഷിത് കൗശിക് (അഞ്ച്) എന്നിവർ കാനഡയുടെ സാദ് ബിൻ സഫറിന്റെ (14 റൺ വഴങ്ങി മൂന്ന് വിക്കറ്റ്) ബൗളിങ്ങിൽ പുറത്തായതോടെ യു.എ.ഇ 12.3 ഓവറിൽ നാലിന് 66 എന്ന നിലയിൽ പതറി. എന്നാൽ പിന്നീട് ഒന്നിച്ച ആര്യൻഷ് ശർമയും (53 പന്തിൽ പുറത്താകാതെ 74 റൺസ്) സോഹൈബ് ഖാനും (29 പന്തിൽ 51 റൺസ്) ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റി. ഇരുവരും ചേർന്ന് 42 പന്തിൽ 84 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ജയിക്കാൻ ഒരു റൺസ് മാത്രം ബാക്കിയുള്ളപ്പോൾ സോഹൈബ് പുറത്തായെങ്കിലും, രണ്ട് പന്തുകൾ ബാക്കിനിൽക്കെ യു.എ.ഇ ലക്ഷ്യം കണ്ടു. 2022-ൽ നമീബിയയെ പരാജയപ്പെടുത്തിയതിന് ശേഷം ടി20 ലോകകപ്പ് ചരിത്രത്തിൽ യു.എ.ഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്. 2026 ലോകകപ്പിൽ അവർക്ക് ആദ്യ വിജയവുമാണിത്.

Tags:    
News Summary - T20 World Cup 2026 | UAE vs Canada | Aryansh Sharma | Sohaib Khan | Junaid Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.