ഇറ്റലി ക്രിക്കറ്റ് ടീം

ഇറ്റലി കാണാത്ത താരങ്ങൾ; ഹിന്ദിയും ഇംഗ്ലീഷും മുഴങ്ങുന്ന ഡ്രസ്സിങ് റൂം; ബഹുരസമാണ് ലോകകപ്പ് ക്രിക്കറ്റിലെ ഇറ്റലി

ന്യൂഡൽഹി: ഇറ്റലിയെന്ന് കേൾക്കുമ്പോൾ മാൾഡീനിയും പൗലോ റോസിയും കന്നവാരോയും മുതൽ, പുതിയകാല നായകൻ ഡോണറുമ്മ വരെ നിറഞ്ഞാടുന്ന ഫുട്ബാൾ സംഘമാവും കായിക ആരാധകരുടെ ഓർമകളിൽ എന്നും ആദ്യമെത്തുന്നത്. എന്നാൽ, ഇത്തവണ ട്വന്റി20 ക്രിക്കറ്റ് ​ലോകകപ്പിന് ഇന്ത്യൻ മണ്ണിൽ ക്രീസുണർന്നപ്പോൾ സ്പോർട്സിലെ പുതിയൊരു ഇറ്റലിയും അരങ്ങേറ്റം കുറിക്കുകയാണ്. ക്രിക്കറ്റിൽ തുടക്കക്കാരാണെങ്കിലും ​തങ്ങളേക്കാൾ കരുത്തരായ ടീമുകളെ വിറപ്പിച്ചും, വർഷങ്ങളായ ക്രിക്കറ്റ് കളിക്കുന്ന നേപ്പാളിനെ തോൽപിച്ചുമെല്ലാം ഇറ്റലി വരവറിയിച്ചു കഴിഞ്ഞു.

അർജന്റീനയും ബ്രസീലും ഫ്രാൻസും ഇറ്റലിയും വാഴുന്ന ഫുട്ബാളിൽ ശിശുക്കളായ ഇന്ത്യയെ പോലെയാണ് ക്രിക്കറ്റിൽ ഇറ്റലി.

ഇന്ത്യയും, ആസ്ട്രേലിയയും ഇംഗ്ലണ്ടും പാകിസ്താനുമെല്ലാമാണ് ഇവിടെ പുലികൾ. കാൽപന്ത് തട്ടി മിടുക്കരായവർ, ബാറ്റും ബാളുമായി പുതിയ കളിയിൽ മേൽവിലാസം കുറിക്കുന്നു.  കന്നി ലോകകപ്പ് ക്രിക്കറ്റിനായി ഇറ്റാലിയൻ സംഘം പാഡുകെട്ടി ഇറങ്ങിയപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ആ ടീം നിറയെ അതിശയമാണ്. നീലക്കുപ്പായത്തിൽ ​ഫുട്ബാൾ മൈതാനും വാഴുന്നവർ പാഡണിഞ്ഞും, ബാറ്റേന്തിയും പന്തെറിഞ്ഞും തുടക്കക്കാരുടെ പരിഭവമില്ലാതെ മൈതാനം നിറയുമ്പോൾ ടീമിനു പിന്നിലെ വിശേഷങ്ങൾ തേടുകയാണ് ആരാധകർ.

ഇറ്റലിയിൽ കാല് കുത്താത്ത ഇറ്റാലിയൻ താരങ്ങൾ

ഗൾഫ് രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകൾ പോലെ തന്നെയാണ് ഇറ്റലിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളെല്ലാം അവരുടെ സംഘത്തിലുണ്ട്. ഇറ്റലിയെന്ന രാജ്യം ഇതുവരെ കാണാത്തവർ മുതൽ, ഇറ്റാലിയൻ ഭാഷയിൽ ഒരക്ഷരം അറിയാത്തവർ വരെ. കളിക്കാർക്കിടയിലെ ആശയ വിനിമയത്തിൽ ഹിന്ദിയും ഇംഗ്ലീഷും മുഴങ്ങുമ്പോൾ എതിർ ടീം അംഗങ്ങൾ കൗതുകത്തോടെ ചോദിക്കുന്നു ഇതെന്ത് ഇറ്റലിയെന്ന്.

15 അംഗ ടീമിൽ അഞ്ചു പേർ മാത്രമാണ് ഇറ്റലിക്കാരോ, ഇറ്റലിയിൽ താമസിക്കുന്നവരോ ആയുള്ളൂ. ബാക്കിയുള്ളവരെല്ലാം ഐ.സി.സിയുടെ പുതിയ നിയമത്തിന്റെ ആനുകൂല്ല്യത്തിൽ ഇറ്റലിക്കായി കളിക്കാൻ യോഗ്യത നേടിയവരാണ്. ടീമിൽ ഏറെ പേരും ഇതുവരെ ഇറ്റാലിയൻ മണ്ണിൽ കാലുകുത്താൻ പോലും അവസരം ലഭിക്കാത്തവരാണെന്നാണ് കൗതുകം.

ഐ.സി.സി ഇളവ് അനുഗ്രഹമായി

ക്രിക്കറ്റിന് വേണ്ടത്ര പ്രചാരണമില്ലാത്ത രാജ്യങ്ങൾക്ക് മികച്ച ടീമിനെ കെട്ടിപ്പടുക്കാനായി ഐ.സി.സി നൽകിയ ഇളവാണ് ടൂർണമെന്റിൽ ഇറ്റലിയും അമേരിക്കയും ഉൾപ്പെടെ ടീമുകൾക്ക് അനുഗ്രഹമാവുന്നത്. അസോസിയേറ്റ് നാഷൻ ടീമുകൾക്ക് കുടുംബ ബന്ധത്തിന്റെ പേരിലും ദേശീയ ടീമിൽ കളിക്കാൻ യോഗ്യത നൽകുന്നതാണ് ഒരു ഇളവ്. ഇതു പ്രകാരമാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ചു വളർന്ന ജോൺ സ്മറ്റ്സ് ഇറ്റലിക്കായി കളിക്കാൻ യോഗ്യത നേടിയത്. ഭാര്യ ഇറ്റാലിക്കാരിയും ഇറ്റാലിയൻ പാസ്​പോർട്ട് ഉടമയുമായതാണ് ജോൺ സ്മറ്റ്സിനെ ദേശീയ ടീമിനായി കളിക്കാൻ അർഹനാക്കുന്നത്. അങ്ങനെ, ഇറ്റലിയിൽ ഇതുവരെയായി കാലുകുത്താത്ത ജോൺ ദേശീയ താരമായി ലോകകപ്പിൽ കളിക്കാനെത്തി.

അതേസമയം, ഇതേ യോഗ്യതയിൽ ഒരാൾക്ക് ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ കളിക്കാനാവില്ല. ​ദക്ഷിണാഫ്രിക്കക്കായി ആറ് ഏകദിനവും 16 ട്വന്റി20 മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം കൂടിയാണ് ഈ ലോകകപ്പിൽ ഇറ്റലിക്കായി കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയിലെ വിവിധ ആഭ്യന്തര ടീമുകളിലും ഓൾറൗണ്ട് താരമായ ജോൺ സ്മറ്റ്സ് സജീവമാണ്.

ദക്ഷിണാഫ്രികക്കാരൻ തന്നെയാണ് ടീം ക്യാപ്റ്റൻ വെയ്ൻ മാഡ്സനും. മുത്തശ്ശി ഇറ്റലിക്കാരിയായതു തന്നെ വെയ്ൻ മാഡ്സനെ ദേശീയ ടീമിലേക്ക് വഴിതുറക്കാൻ കാരണമായത്.

ശ്രീലങ്കയിൽ നിന്നും ഇറ്റലിയിലേക്ക് ജോലിതേടി പോയതാണ് ടീമിലെ ലെഗ് സ്പിന്നറായ ക്രിഷൻ കലുഗമാഗെ. രുചികരമായ പിസ്സ നിർമാണത്തിൽ മിടുക്കനായ ക്രിഷനെ, ടീമിലെ ഏറ്റവും അപകടകാരിയായ സ്പിന്നറയാണ് കോച്ച് ജോൺ ഡേവിസൺ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ ഇറ്റലിക്ക് പത്തു വിക്കറ്റിന്റെ മിന്നും ജയം സമ്മാനിച്ച് ശ്രദ്ധേരായ മോസ്ക സഹോദരങ്ങളായ ജസ്റ്റിനും ആന്റണിയും ആസ്ട്രേലിയയിൽ ജനിച്ച് ഇറ്റലിയിലേക്ക് കുടിയേറി കുടുംബത്തിൽ നിന്നുള്ളവരാണ്. സഹോദരങ്ങളുടെ പേരിലുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടാണ് കഴിഞ്ഞ ദിവസം ഇരുവരും പടുത്തുയർത്തിയത്.

പേസ് ബൗളറായ ജസ്പ്രീത് സിങാണ് ഇന്ത്യൻ സാന്നിധ്യമായി ഇറ്റലി ടീമിലുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വേരുകളിലുള്ളവരും നിറഞ്ഞതാണ് ടീം. 

Tags:    
News Summary - story of italian cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 01:19 GMT