ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ ഒഴിഞ്ഞ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻസി കുപ്പായത്തിലേക്ക് ഓൾറൗണ്ട് താരം റിയാൻ പരാഗ് എത്തുന്നു. കഴിഞ്ഞ സീസണിൽ സഞ്ജു പരിക്കിനെ തുടർന്ന് പുറത്തിരുന്നപ്പോൾ എട്ടു മത്സരങ്ങളിൽ ടീമിനെ നയിച്ച റിയാൻ പരാഗ് സ്ഥിരം ക്യാപ്റ്റൻസിയിലേക്കും നിയമിക്കപ്പെടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് മാനേജ്മെന്റ് തീരുമാനം. ഇതോടെ, ഈവർഷത്തെ സീസണിൽ റിയാനു കീഴിലാവും രാജസ്ഥാൻ കളത്തിലിറങ്ങുന്നത്.
11 സീസണുകളിലായി രാജസ്ഥാൻ റോയൽസിന്റെ കുപ്പായമണിഞ്ഞ സഞ്ജു സാംസൺ, ഐ.പി.എല്ലിലെ ശ്രദ്ധേയമായ കൂടുമാറ്റവുമായാണ് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്ങ്സിലെത്തിയത്. 14കോടി രൂപ പ്രതിഫലവും, രവീന്ദ്ര ജദേജ, സാം കറൻ തുടങ്ങിയ താരങ്ങളെ പകരമായും നൽകിയുമാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ നിരയിലെത്തിച്ചത്. 2021 മുതൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന സഞ്ജു, ക്ലബ് വിട്ടതോടെ പുതിയ ക്യാപ്റ്റനായുള്ള അന്വേഷണത്തിലായിരുന്നു ടീം.
പരിചയ സമ്പന്നരായ നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടുവെങ്കിലും മുൻ സീസണിലെ പരിചയവുമായി റിയാൻ പരാഗ് എന്ന 24 കാരൻ നായക കുപ്പായത്തിലെത്തി. കോച്ച് കുമാർ സംഗക്കാരയാണ് വിവിധ താരങ്ങളുമായി നടത്തിയ അഭിമുഖത്തിനൊടുവിൽ ക്യാപ്റ്റനെ ഫൈനൽ ചെയ്തത്.
2019ൽ ഐ.പി.എല്ലിൽ അരങ്ങേറിയ റിയാൻ പരാഗ്, രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നു.
ഇന്ത്യക്കായി ഒരു ഏകദിനവും, ഒമ്പത് ട്വന്റി20യും കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.