രോഹിത് ശർമ

കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രോഹിത്; അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ക്ലബിൽ; നാലാമത്തെ ഇന്ത്യൻ താരം

വിശാഖപട്ടണം: കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് ക്ലബിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി രോഹിത്.

വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 27 റൺസ് നേടിയതോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ക്ലബിലെത്തിയത്. ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോഹ്ലി (27,910), രാഹുൽ ദ്രാവിഡ് (24,208) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെ (20014 റൺസ്) മറികടന്ന് 13ാം സ്ഥാനത്തെത്താനും രോഹിത്തിന് കഴിഞ്ഞു.

പ്രോട്ടീസിനെതിരെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 60 പന്തിൽ 66 റൺസുമായി ക്രീസിലുണ്ട്. നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 ഓവറിൽ 125 റൺസെടുത്തിട്ടുണ്ട്. 73 പന്തിൽ 48 റൺസുമായി യശസ്വി ജയ്സ്വാളാണ് ക്രീസിലുള്ള മറ്റൊരു താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 47.5 ഓവറിൽ 270ന് റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ഓപണർ ക്വിന്‍റൻ ഡികോക്കാണ് (106) സന്ദർശകരുടെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വീതം വിക്കറ്റുകൾ നേടി.

നിലവിൽ 1-1 എന്ന നിലയിലുള്ള പരമ്പര, ഇന്ന് ജയിക്കുന്നവർക്ക് സ്വന്തമാക്കാം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ റയാൻ റിക്കിൾടനെ സംപൂജ്യനായി മടക്കി അർഷ്ദീപ് സിങ് ക്യാപ്റ്റന്‍റെ പ്രതീക്ഷ കാത്തു. എന്നാൽ രണ്ടാം വിക്കറ്റിൽ ഡികോക്കിനൊപ്പം പ്രോട്ടീസ് നായകൻ ടെംബ ബവുമ മികച്ച കൂട്ടുകെട്ടാണൊരുക്കിയത്. സെഞ്ച്വറി പിന്നിട്ട പാർട്നർഷിപ് 21-ാം ഓവറിൽ ബവുമയെ വിരാട് കോഹിലിയുടെ കൈകളിലെത്തിച്ച് രവീന്ദ്ര ജദേജയാണ് തകർത്തത്. ഇതോടെ സ്കോർ രണ്ടിന് 114. 67 പന്തിൽ അഞ്ച് ഫോറുകൾപ്പെടെ 48 റൺസാണ് ബവുമ നേടിയത്.

മാത്യു ബ്രീറ്റ്സ്കെ 24 റൺസ് നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ എയ്ഡൻ മാർക്റമിന് ഒറ്റ റൺ മാത്രമാണ് നേടാനായത്. പിന്നാലെ ഡെവാൾഡ് ബ്രെവിസിനെ സാക്ഷിയാക്കി ഡികോക്ക് സെഞ്ച്വറി പൂർത്തിയാക്കി. 80 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡികോക്കിന് പിന്നീട് ഒമ്പത് പന്തുകൾ കൂടിയേ ആയുസ്സുണ്ടായിരുന്നുള്ളൂ. എട്ട് ഫോറും ആറ് സിക്സും അടങ്ങിയ ഇന്നിങ്സിന് പ്രസിദ്ധ് കൃഷ്ണ തിരശീലയിട്ടു. ഡെവാൾഡ് ബ്രെവിസ് (29), മാർകോ യാൻസൻ (17), കോർബിൻ ബോഷ് (9), ലുങ്കി എൻഗിഡി (1), ഓട്നെയിൽ ബാർട്മാൻ (3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. 20 റൺസ് നേടിയ കേശവ് മഹാരാജ് പുറത്താകാതെ നിന്നു.

Tags:    
News Summary - Rohit Sharma completes 20,000 international run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.