രോഹിത് ശർമ (ഫയൽ ചിത്രം)

സാന്‍റ്നർ പിന്നിലായി, ഒന്നാം റാങ്ക് തിരികെ രോഹിത്തിന്; കരിയർ ബെസ്റ്റിലെത്തി മിച്ചൽ സ്റ്റാർക്ക്

ദുബൈ: ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയുടെ രോഹിത് ശർമ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെ ഒന്നാമതായിരുന്ന ന്യൂസിലൻഡിന്‍റെ ഡാരി മിച്ചലിന് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നതോടെയാണ് രോഹിത് തിരികെ ഒന്നാം സ്ഥാനത്തെത്തിയത്. മിച്ചൽ രണ്ടിലും അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ മൂന്നാമതുമാണ്. ഇന്ത്യയുടെ ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ശ്രേയസ് അയ്യരാണ് (ഒമ്പത്) ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

ട്വന്‍റി20യിൽ അഭിഷേക് ശർമയാണ് ഒന്നാമത്. ടെസ്റ്റിൽ ഇംഗ്ലിഷ് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം യശസ്വി ജയ്സ്വാളാണ്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 11-ാമതും ഋഷഭ് പന്ത് 12ലുമാണ്.

ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ആഷസ് പരമ്പയിലെ ഒന്നാം ടെസ്റ്റിൽ പത്ത് വിക്കറ്റ് നേടിയാണ് സ്റ്റാർക്ക് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്.ഏകദിനത്തിൽ അഫ്ഗാൻ താരം റാഷിദ് ഖാനും ടി20യിൽ ഇന്ത്യയുടെ വരുൺ ചക്രവർത്തിയുമാണ് ബൗളർമാരിൽ ഒന്നാമതുള്ളത്.

സിംബാബ്വെയുടെ സിക്കന്ദർ റാസ കരിയറിൽ ആദ്യമായി ട്വന്‍റി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. ശ്രീലങ്കയും പാകിസ്താനും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ മുന്നേറാൻ താരത്തെ സഹായിച്ചത്. പാകിസ്താന്‍റെ സയീം അയൂബിനെ പിന്തളളിയാണ് റാസ ഒന്നാമതെത്തിയത്. 2022ലെ ടി20 ലോകകപ്പു മുതലിങ്ങോട്ട് സയീം ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഏകദിന ഓൾറൗണ്ടർമാരിൽ നിലവിൽ രണ്ടാമനായ സയീം, സെപ്റ്റംബറിൽ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു. ടെസ്റ്റിൽ രവീന്ദ്ര ജദേജയും ഏകദിനത്തിൽ അഫ്ഗാനിസ്താന്‍റെ അസ്മത്തുല്ല ഒമർസായിയുമാണ് ഒന്നാം നമ്പർ ഓൾറൗണ്ടർമാർ.

Tags:    
News Summary - Rohit Sharma Back As No. 1 ODI Batter, Mitchell Starc Attains Career-High In Test Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.