മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 87 റൺസ് കൂടി നേടിയാൽ വെറ്ററൻ താരം രോഹിത് ശർമയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. നീണ്ട ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് മടങ്ങിയെത്തിയ താരം മുംബൈക്കായി രണ്ടു മത്സരങ്ങളാണ് കളിച്ചത്. സിക്കിമിനെതിരെ സെഞ്ച്വറി കുറിച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയെങ്കിലും ഉത്തരാഖണ്ഡിനെതിരായ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി.
നിലവിൽ വിശ്രമത്തിലുള്ള താരം ജനുവരി 11ന് ന്യൂഡസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങും. പരമ്പരയിൽ 87 റൺസ് കൂടി നേടിയാൽ ലിസ്റ്റ് എ ക്രിക്കറ്റിൽ താരം 14,000 റൺസ് പൂർത്തിയാക്കും. ഇതിഹാസം സചിൻ തെണ്ടുൽക്കർ, സൂപ്പർതാരം വിരാട് കോഹ്ലി, മുൻ നായകരായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ 14,000 റൺസെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബാറ്റർമാർ. 352 മത്സരങ്ങളിൽനിന്ന് 340 ഇന്നിങ്സുകളിലായി 13,913 റൺസാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 2006 ദേവധർ ട്രോഫിയിൽ വെസ്റ്റ് സോണിനുവേണ്ടി കളിച്ചാണ് രോഹിത് ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
താരം 47 പന്തിൽ 31 റൺസ് നേടിയ മത്സരത്തിൽ വെസ്റ്റ് സോൺ ജയിച്ചു. തൊട്ടടുത്ത വർഷം ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറി. 2007 മുതൽ 2013 വരെ താരം ടീമിലേക്ക് വന്നും പോയും കൊണ്ടിരുന്നു. എം.എസ്. ധോണി ഓപ്പണറായി അവസരം നൽകിയതോടെ രോഹിത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 279 ഏകദിനങ്ങളിൽ നിന്ന് 11,516 റൺസാണ് താരം ഇതുവരെ നേടിയത്. മൂന്നു ഇരട്ട സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. 2022 മുതൽ 2025 വരെ ഏകദിനത്തിൽ ഇന്ത്യയെ നയിച്ചു. ഈ വർഷം രോഹിത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയത്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും ആസ്ട്രേലിയക്കു മുന്നിൽ കാലിടറി.
ടെസ്റ്റ്, ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം നിലവിൽ ഇന്ത്യക്കുവേണ്ടി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് സചിന്‍റെ പേരിലാണ് -21,999 റൺസ്. 2012 മാർച്ചിൽ പാകിസ്താനെതിരെയാണ് താരം അവസാന ലിസ്റ്റ് എ ക്രിക്കറ്റ് മത്സരം കളിക്കുന്നത്. അതേ വർഷം ഡിസംബറിൽ ഏകദിനത്തിൽനിന്നും 2013 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 16,207 റൺസുമയി കോഹ്ലിയാണ് രണ്ടാമത്. കഴിഞ്ഞദിവസം വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരെ അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ കോഹ്ലി സചിന്‍റെ റെക്കോഡ് മറികടന്നിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 16,000 റൺസ് നേടുന്ന താരമായി കോഹ്ലി.
15 വർഷത്തെ ഇടവേളക്കുശേഷമാണ് കോഹ്ലി വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിനത്തിനു മുമ്പ് ഡൽഹിക്കായി കോഹ്ലി ഒരു മത്സരം കൂടി കളിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.