രഞ്ജി ട്രോഫി: പത്ത് വിക്കറ്റെടുത്താൽ കേരളത്തിന് ജയിക്കാം; 321 റൺസെടുത്താൽ സർവിസസിനും

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒരുദിവസത്തെ മത്സരം ശേഷിക്കെ ജയിക്കാൻ സർവിസസിന് അടിച്ചുകൂട്ടേണ്ടത് 321 റൺസും കേരളത്തിന് വീഴ്ത്തേണ്ടത് 10 വിക്കറ്റും. കേരളം ഉയർത്തിയ 341 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സർവിസസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 റൺസെന്ന നിലയിലാണ്.

ആറിന് 154 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച സന്ദർശകരെ 229 റൺസിന് ഓൾ ഔട്ടാക്കിയാണ് കേരളം മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 242 എന്ന സ്കോറിൽ ഡിക്ലയർ ചെയ്ത് 341 എന്ന താരതമ്യേന ഉയർന്ന വെല്ലുവിളി സർവിസസിന് മുന്നിൽ കേരളം വെച്ചത്. കേരളത്തിനായി ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ മൂന്നുവീതവും വൈശാഖ് ചന്ദ്രൻ, എം.ഡി. നിഥീഷ് എന്നിവർ രണ്ടുവീതവും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ 327 റൺസ് നേടിയ കേരളം 98 റൺസ് ലീഡോടെയാണ് രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്.

അതിവേഗത്തിൽ റണ്ണെടുത്ത് ലീഡ് വർധിപ്പിച്ച് സർവിസസിനെ രണ്ടാം ഇന്നിങ്സിന് അയക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയോടെ കേരളത്തെ നയിച്ച മുൻ നായകൻ സച്ചിൻ ബേബിയായിരുന്നു രണ്ടാം ഇന്നിങ്സിലും രക്ഷകൻ. ഓപണിങ് കൂട്ടുകെട്ടിൽ മാറ്റം വരുത്തിയാണ് കേരളം രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. പി. രാഹുലിനൊപ്പം വത്സലാണ് ഓപണർ റോളിലെത്തിയത്. രാഹുൽ കരുതലോടെ കളിച്ചപ്പോൾ വത്സൽ ആക്രമിച്ച് കളിക്കുകയായിരുന്നു. സ്കോർ 58ലെത്തിയപ്പോൾ 14 റൺസെടുത്ത രാഹുലിനെ നഷ്ടമായി. എം.എസ്. രഥി രാഹുലിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ 48 റൺസ് നേടിയ വത്സലിനെയും രഥി സമാനമായി ഔട്ടാക്കി.

പിന്നാലെയെത്തിയ രോഹൻ പ്രേമിന് 16 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. എന്നാൽ, ആദ്യ ഇന്നിങ്സിലേതിന് സമാനമായി സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് സച്ചിൻ ബേബി കേരളത്തിന്‍റെ സ്കോർ ചലിപ്പിച്ചു. ഇരുവരും ചേർന്ന് 91 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ 164 റൺസിലെത്തിയപ്പോൾ 40 റൺസ് നേടിയ സൽമാനെ ആതിഥേയർക്ക് നഷ്ടമായി. സർപിത് എൻ. ഗുലേരിയ രജത് പലിവാളിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ എട്ട് റൺസെടുത്ത നിഥീഷും മടങ്ങി.

എന്നാൽ, ഏകദിന ശൈലിയിൽ ബാറ്റ് വീശി 109 പന്തുകളിൽനിന്ന് ആറ് ഫോറും രണ്ട് സിക്സുമുൾപ്പെടെ 93 റൺസ് നേടിയ സച്ചിൻ ബേബി വിജയസാധ്യതയുള്ള സ്കോറിലേക്ക് കേരളത്തെ നയിച്ചു. സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ ദിവേഷ് ഗുർദേവ് പത്താനിയ സച്ചിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ സിജോമോൻ ജോസഫ് റൺ നേടും മുമ്പ് പുറത്തായി. അക്ഷയ് ചന്ദ്രൻ 20 റൺസും ജലജ് സക്സേന രണ്ട് റൺസുമായി ഏഴ് വിക്കറ്റിന് 242 റൺസ് എന്ന നിലയിൽ നിൽക്കെ കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

സർവിസസിനുവേണ്ടി എം.എസ്. രഥിയും ദിവേഷ് ഗുരുണേവ് പത്താനിയയും രണ്ടുവീതം വിക്കറ്റുകളും പി.എസ്. പൂനിയ, അർപിത് എൻ. ഗുലേരിയ, പുൾഗിത് നാരംഗ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. 341 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സർവിസസിനായി ഓപണർമാരായ എസ്.ജി. റോഹിളയും സുഫിയൻ ആലമും കരുതലോടെയാണ് കളിക്കുന്നത്. റോഹിള ഒമ്പതും സുഫിയാൻ ആലം 11 റൺസുമായാണ് ക്രീസിൽ.

Tags:    
News Summary - Ranji Trophy: Kerala vs Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT