ധരംശാല: പോയന്‍റ് ടേബ്ളിലെ ഒന്നാമന്മാരായ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പിലെ ത്രില്ലർ പോരിന് ഭീഷണിയായി മഴ. ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതലാണ് മത്സരം.
ധരംശാലയിൽ പകൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉച്ചക്കുശേഷം മൂന്നുവരെ 47 ശതമാനം മഴ സാധ്യതയാണ് പറയുന്നത്. വൈകീട്ട് നാലു മുതൽ ആറുവരെ 14 മുതൽ 10 ശതമാനം വരെയും ആറിനുശേഷം ഇത് രണ്ടു ശതമാനവുമാണെന്ന് കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം. പകരം ആരെന്നതും ചോദ്യമാണ്. പേസർ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവുമാണ് പരിഗണനയിൽ മുന്നിൽ.
എന്നാൽ, പരിശീലനത്തിനിടെ സൂര്യകുമാറിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് വിവരം. സാഹചര്യങ്ങൾ പേസ് ബൗളിങ്ങിന് അനുകൂലമാവുമെന്ന പ്രതീക്ഷയിൽ ഷമിയെ കളിപ്പിക്കാനാണ് സാധ്യത കൂടുതൽ. 2019ലെ ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. അന്ന് ഇന്ത്യയെ 18 റൺസിന് തോൽപിച്ചാണ് കീവീസ് കലാശപ്പോരിന് യോഗ്യത നേടിയത്.
ലോകകപ്പിൽ ഇരുവരും ഒമ്പത് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ന്യൂസിലൻഡിനൊപ്പമായിരുന്നു. മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു. ഒരു ഐ.സി.സി ടൂർണമെന്‍റിൽ 2003ലാണ് ഇന്ത്യ അവസാനമായി കീവീസിനെ തോൽപിച്ചത്. നിലവിൽ ഇരുടീമുകൾക്കും എട്ടു പോയന്‍റാണെങ്കിലും റൺ റേറ്റിന്‍റെ മുൻതൂക്കത്തിൽ ന്യൂസിലൻഡാണ് ഒന്നാമത്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ന്യൂസിലൻഡ്: ടോം ലഥാം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, വിൽ യങ്, ഡാരിൽ മിച്ചൽ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ജിമ്മി നീഷം, ട്രെന്റ് ബോൾട്ട്, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്റ്‌നർ, ഇഷ് സോധി, മാർക്ക് ചാപ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.