രാഹുലിന്റെയും പൂരന്റെയും പോരാട്ടം വിഫലം; സഞ്ജുവിന്റെ മികവിൽ ജയം പിടിച്ച് രാജസ്ഥാൻ

ജെയ്പൂർ: ഇരു നായകന്മാരും അർധസെഞ്ച്വറികളുമായി മുന്നിൽനിന്ന് നയിച്ച ഐ.പി.എൽ പോരാട്ടത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ജയം പിടിച്ച് രാജസ്ഥാൻ റോയൽസ്. 20 റൺസിന്റെ ജയമാണ് മലയാളി താരം സഞ്ജു സാംസണും സംഘവും നേടിയത്. 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നോക്കായി ക്യാപ്റ്റൻ കെ.എൽ രാഹുലും നിക്കൊളാസ് പൂരനും അർധസെഞ്ച്വറികൾ നേടിയെങ്കിലും നി​ശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ കഴിഞ്ഞു​ള്ളൂ. 44 പന്തിൽ രണ്ട് സിക്സും നാല് ഫോറും സഹിതം 58 റൺസെടുത്ത രാഹുലിനെ സന്ദീപ് ശർമയുടെ പന്തിൽ ധ്രുവ് ജുറേൽ പിടികൂടിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കൊളാസ് പൂരൻ 41 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 64 റൺസുമായി പുറത്താകാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നോയുടെ ആദ്യ വിക്കറ്റ് സ്കോർ ബോർഡിൽ നാല് റൺസായപ്പോഴേക്കും വീണിരുന്നു. നാല് റൺസെടുത്ത ക്വിന്റൺ ഡി കോക്കിനെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ നാന്ദ്രെ ബർഗർ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ മൂന്ന് പന്ത് നേരി​ട്ടെങ്കിലും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. പിന്നാലെയെത്തിയ ആയുഷ് ബദോനിയും നിലയുറപ്പിക്കും മുമ്പ് തിരിച്ചു നടന്നു. അഞ്ച് പന്ത് നേരിട്ട് ഒരു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ദീപക് ഹൂഡ ക്രീസിലെത്തിയതോടെയാണ് ലഖ്നോ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു തുടങ്ങിയത്. എന്നാൽ, 13 പന്തിൽ 26 റൺസെടുത്ത താരത്തെ ചാഹലിന്റെ പന്തിൽ ജുറേൽ കൈയിലൊതുക്കിയത് തിരിച്ചടിയായി. വൈകാതെ രാഹുലും മൂന്ന് റൺസെടുത്ത മാർകസ് സ്റ്റോയിനിസും തിരിച്ചുകയറിയതോ​ടെ ലഖ്നോ തോൽവി ഉറ​പ്പിച്ചു.

വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും അവസാന ഘട്ടത്തിൽ അടിച്ചുകളിച്ച പൂരനാണ് സ്കോർ 170 കടത്തിയത്. ക്രുനാൽ പാണ്ഡ്യ മൂന്ന് റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് നേടിയപ്പോൾ നാന്ദ്രെ ബർഗർ, രവിചന്ദ്രൻ അശ്വിൻ, യുസ്​വേന്ദ്ര ചാഹൽ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ തകർപ്പൻ അർധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസണിന്റെ മികവിലാണ് രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് അടിച്ചെടുത്തത്. 52 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റൺസുമായി സഞ്ജു പുറത്താകാതെനിന്നു. സ്കോർ ബോർഡിൽ 13 റൺസ് ആയപ്പോഴേക്കും രാജസ്ഥാന്റെ ആദ്യ വിക്കറ്റ് ​വീണിരുന്നു. 9 പന്തിൽ 11 റൺസെടുത്ത ജോസ് ബട്‍ലറെ നവീനുൽ ഹഖിന്റെ പന്തിൽ കെ.എൽ രാഹുൽ പിടികൂടുകയായിരുന്നു. വൈകാതെ യശസ്വി ജയ്സ്വാളും വീണു. 12 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 24 റൺസെടുത്ത താരത്തെ മുഹ്സിൻ ഖാൻ ക്രുനാൽ പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.

തുടർന്ന് റിയാൻ പരാഗിനെ കൂട്ടുനിർത്തി സഞ്ജു ലഖ്നോ ബൗളർമാരെ അനായാസം നേരിട്ടു. എന്നാൽ, 29 പന്തിൽ 43 റൺസെടുത്ത പരാഗിനെ നവീനുൽ ഹഖ് തന്നെ മടക്കി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 59 പന്തിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ (ഏഴ് പന്തിൽ അഞ്ച്) വന്ന പോലെ മടങ്ങി. രവി ബി​ഷ്‍ണോയിയുടെ പന്തിൽ രാഹുലിന് പിടികൊടുക്കുകയായിരുന്നു. സ്ഞജുവിന് കൂട്ടായി ധ്രുവ് ജുറേൽ എത്തിയതോടെ രാജസ്ഥാൻ സ്കോർ വീണ്ടും വേഗത്തിൽ ചലിച്ചു. ജുറേൽ 12 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത് പുറത്താകാതെനിന്നു. ലഖ്നോക്കായി നവീനുൽ ഹഖ് നാലോവറിൽ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോൾ മുഹ്സിൻ ഖാൻ, രവി ബി​ഷ്‍ണോയി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Tags:    
News Summary - Rahul and Pooran's fight fails; Rajasthan won with Sanju's excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.