ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് അടുത്തെത്തി. ഇനി ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന വിശ്വ കിരീട പോരിനുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
മൊത്തം 82.93 കോടി രൂപയുടെ സമ്മാനത്തുകയാണ് ഐ.സി.സി നൽകുക. ഇതിൽ ചാമ്പ്യന്മാർക്ക് മാത്രം 33.16 കോടി രൂപ ലഭിക്കും. 16.58 കോടി രൂപയാണ് റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക. പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളിലെ ജയത്തിനുപോലും ഓരോ ടീമിനും പ്രത്യേകം സമ്മാനത്തുകയുണ്ട്.
ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33.17 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുമെന്ന് ഐ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകൾക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്കാരങ്ങളും അവർക്കുള്ള സമ്മാനത്തുകയും വേറെയും നൽകുന്നുണ്ട്.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനലും. നാട്ടിൽ നടക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
രോഹിത്ത് ശർമയും സംഘവും മൂന്നാം ലോക കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ ആരാധകർ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.