ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക. പല്ലെക്കെലെ മൈതാനത്ത് അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ നിസങ്ക 210 റൺസെടുത്ത് പുറത്താകാതെ നിന്നു. 139 പന്തിൽ എട്ടു സിക്സും 20 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക നിസങ്കയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 381 റൺസെടുത്തു. 136 പന്തിലാണ് താരം ഇരട്ട സെഞ്ച്വറിയിലെത്തിയത്.
അതിവേഗത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ്. ഇന്ത്യയുടെ ഇഷാൻ കിഷനും ഓസീസ് താരം ഗ്ലെൻ മാക്സ് വെല്ലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കുന്ന പത്താമത്തെ താരം കൂടിയാണ് നിസങ്ക. 2000ത്തിൽ ഇന്ത്യക്കെതിരെ സനത് ജയസൂര്യ നേടിയ 189 റൺസാണ് ഇതിനു മുമ്പുള്ള ഒരു ശ്രീലങ്കൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ.
ലങ്കക്കായി ഓപ്പണർമാർ 26.2 ഓവറിൽ 182 റൺസാണ് നേടിയത്. പിന്നാലെ 88 പന്തിൽ 88 റൺസെടുത്ത അവിഷ്ക ഫെർണാണ്ടോയെ ഫരീദ് അഹ്മദ് പുറത്താക്കി. നായകൻ കുഷാൽ മെൻഡിസ് (31 പന്തിൽ 16), സദീര സമരവിക്രമ (36 പന്തിൽ 45) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഏഴു റൺസുമായി ചരിത് അസലങ്ക പുറത്താകാതെ നിന്നു. ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്കോറാണ് നിസങ്ക നേടിയ 210 റൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.