ധോണിയുടെ ബയോപിക്കിന്‍റെ പോസ്റ്റർ, ഉസ്മാൻ താരിഖ്

സിനിമാക്കഥ പോലൊരു തിരിച്ചുവരവ്; ധോണിയുടെ ബയോപിക്ക് പ്രചോദനമായെന്ന് പാകിസ്താന്‍റെ ഉസ്മാൻ താരിഖ്

ഇസ്‌ലാമബാദ്: ക്രിക്കറ്റിലേക്ക് താൻ തിരിച്ചെത്തിയത് ഇന്ത്യയുടെ മുൻതാരം എം.എസ്. ധോണിയുടെ ജീവിതം വിവരിക്കുന്ന സിനിമ കണ്ടശേഷമാണെന്ന് പാകിസ്താൻ സ്പിന്നർ ഉസ്മാൻ താരിഖ്. കളിയിൽനിന്ന് ഏറെനാൾ വിട്ടുനിന്ന തനിക്ക് പ്രചോദനമായത് ധോണിയുടെ ബയോപിക്കാണെന്ന് ടെലകോം ഏഷ്യ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ താരിഖ് പറയുന്നു. 27കാരനായ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്വന്‍റി20 പരമ്പരയിലാണ് അരങ്ങേറാൻ അവസരം ലഭിച്ചത്. ദുബൈയിലെ പർച്ചേസിങ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് താരം ക്രിക്കറ്റ് സ്വപ്നങ്ങളുമായി പാകിസ്താനിൽ തിരിച്ചെത്തിയത്.

“സെലക്ഷൻ കിട്ടാതായതോടെ ഞാൻ ക്രിക്കറ്റ് ഉപേക്ഷിച്ച് ദുബൈയിലേക്ക് പോയി. അവിടെ പർച്ചേസിങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു. അതിനിടെ ധോണിയുടെ ബയോപിക്കായ ‘എം.എസ് ധോണി: ദ് അൺടോൾഡ് സ്റ്റോറി’ കണ്ടു. അത് വലിയ പ്രചോദനമായി. ജോലി ഉപേക്ഷിച്ച് തിരികെ പാകിസ്താനിലെത്തി വീണ്ടും ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു” -താരിഖ് പറഞ്ഞു. 2025ലെ കരീബിയൻ പ്രീമിയർ ലീഗിൽ 20 വിക്കറ്റുകൾ നേടി രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായി. ഇതോടെ താരിഖിന് പാകിസ്താൻ ദേശീയ ടീമിൽനിന്ന് വിളിയെത്തി.

ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിന്‍റേതിനു സമാനമായ ബൗളിങ് ആക്ഷനാണ് താരിഖിന്‍റേത്. നാടകീയമായ ബൗളിങ് ആക്ഷൻ ഇതിനകം പ്രത്യേക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ അനുവദനീയമല്ലാത്ത ആക്ഷനാണെന്ന് ആക്ഷേപമുയർന്നതോടെ ബയോമെക്കാനിക്കൽ ടെസ്റ്റിനും താരത്തിന് വിധേയനാകേണ്ടിവന്നു. തനിക്ക് ജന്മനാ കൈമുട്ടിന് രണ്ട് അഗ്രങ്ങൾ ഉള്ളതുകൊണ്ടാണ് പ്രത്യേക രീതിയിൽ എറിയാനാകുന്നതെന്ന് താരിഖ് പറഞ്ഞു. പാകിസ്താനു വേണ്ടി ദീർഘകാലം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തിരിച്ചടികൾ കൂടുതൽ കരുത്തനാക്കിയെന്നും താരിഖ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Pakistan's mystery spinner Usman Tariq returns to cricket afetr watching MS Dhoni biopic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.