മുംബൈ: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്നത്. ഫെബ്രുവരി 20ന് അയൽക്കാരായ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനകം തന്നെ ടൂർണമെന്‍റിനുള്ള സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിക്കുന്നത്.
കഴിഞ്ഞവർഷം നേടിയ ട്വന്‍റി20 ലോകകപ്പ് കിരീടത്തിനു പിന്നാലെ മറ്റൊരു ഐ.സി.സി ട്രോഫിയാണ് രോഹിത് ശർമയും സംഘവും ലക്ഷ്യമിടുന്നത്. രോഹിത് നയിക്കുന്ന ടീമിൽ ശുഭ്മൻ ഗില്ലാണ് ഉപനായകൻ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ അർധ സെഞ്ച്വറിയുമായി ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത് ഗില്ലായിരുന്നു. ബാറ്റിങ്ങിൽ മോശം ഫോമിലുള്ള രോഹിത്തിന് ചാമ്പ്യൻസ് ട്രോഫി ഏറെ നിർണായകമാണ്. കിരീടം നേടാനായില്ലെങ്കിൽ താരം ഇന്ത്യൻ ടീമിന് പുറത്തുപോകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. താരത്തിന്‍റെ വിരമിക്കലിനായി ഇപ്പോൾ തന്നെ മുറവിളി ശക്തമാണ്. സ്വഭാവികമായും രോഹിത് ഒഴിയുന്നതോടെ ഗില്ല് ഇന്ത്യയുടെ ഏകദിന നായകനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ, രോഹിത്തിനു പകരക്കാരനായി ഗില്ല് വരില്ലെന്നാണ് പുതിയ റിപ്പോർട്ട്. പകരം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഏകദിന ടീമിന്‍റെ നായകനാകുമെന്നാണ് പുതിയ വിവരം. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ വൈസ് ക്യാപ്റ്റനായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നിർദേശിച്ചതും പാണ്ഡ്യയുടെ പേരായിരുന്നു. എന്നാൽ, രോഹിത്തും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഗില്ലിനായി ഉറച്ച നിലപാടെടുത്തതോടെയാണ് നറുക്ക് താരത്തിന് വീണത്. കൂടാതെ, സൂര്യകുമാറിനു പകരം പാണ്ഡ്യ ട്വന്‍റി20 ടീമിന്‍റെ നായകനാകുമെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ ട്വന്‍റി20 നായകനായ സൂര്യകുമാർ യാദവ് ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നതാണ് പാണ്ഡ്യക്ക് കാര്യങ്ങൾ അനുകൂലമാകുന്നത്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിൽ രോഹിത്തിനു കീഴിൽ ടീമിന്‍റെ ഉപനായകൻ പാണ്ഡ്യയായിരുന്നു. 2022, 2023 വർഷങ്ങളിൽ രോഹിത്തിന്‍റെ അഭാവത്തിൽ ട്വന്‍റി20യിൽ ഇന്ത്യൻ ടീമിനെ നയിച്ചിരുന്നതും ഹാർദിക്കായിരുന്നു. എന്നാൽ, രോഹിത് ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിച്ചതോടെ സൂര്യകുമാറിന് നറുക്കു വീഴുകയായിരുന്നു.
ഹാർദിക്കിനോട് ടീം മാനേജ്മെന്‍റ് അനീതികാട്ടിയെന്ന നിലപാടാണ് ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിനും ഗൗതം ഗംഭീറിനും. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്നാണ് താരത്തിന് അന്ന് ക്യാപ്റ്റൻ പദവി നഷ്ടപ്പെട്ടത്. നിലവിൽ താരം മികച്ച ഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.