പരാഗോ ബോൾട്ടോ ചാഹലോ അല്ല; ‘ഗെയിം ചെയ്ഞ്ചറെ’ വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഐ.പി.എല്ലിൽ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ അവരുടെ മണ്ണിൽ അനായാസം കീഴടക്കി തുടർച്ചയായ മൂന്നാം ജയമാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിലൊതുക്കിയ രാജസ്ഥാൻ 27 പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

39 പന്തിൽ 54 റൺസുമായി പുറത്താകാതെനിന്ന റിയാൻ പ​രാഗും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോൾട്ടും യുസ്​വേന്ദ്ര ചാഹലുമാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. എന്നാൽ, ഇവർ മൂന്നുപേരുമല്ല, ‘ഗെയിം ചെയ്ഞ്ചർ’ മറ്റൊരാളാണെന്ന് അഭിപ്രായപ്പെടുകയാണ് നായകൻ സഞ്ജു.

‘ടോസ്’ ആണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് താരം അഭിപ്രായപ്പെടുന്നത്. ടോസ് നേടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ രാജസ്ഥാൻ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ‘ടോസ് ഗെയിം ചെയ്ഞ്ചറാണെന്ന് ഞാൻ കരുതുന്നു. വിക്കറ്റ് ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ബോൾട്ടിന്റെയും ബർഗറിന്റെയും അനുഭവസമ്പത്ത് ഞങ്ങളെ സഹായിച്ചു. അവൻ 10-15 വർഷമായി കളിക്കുന്നു, അതാണ് പുതിയ പന്തിൽ ഞങ്ങൾ പ്രതീക്ഷിച്ചത്. 4-5 വിക്കറ്റുകൾ വീഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ഞങ്ങളുടെ ബൗളർമാർ നന്നായി ചെയ്യുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു’ -സഞ്ജു പറഞ്ഞു.

ആദ്യ നാലുപേരിൽ മൂന്നുപേരെയും ട്രെന്റ് ബോൾട്ട് റൺസെടുക്കും മുമ്പെ മടക്കിയതോടെ മുംബൈക്ക് കളിയിലേക്ക് തിരിച്ചുവരാനായിരുന്നില്ല. 34 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും 32 റൺസെടുത്ത തിലക് വർമയും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

Tags:    
News Summary - Not Parag, Boult or Chahal; Sanju revealed the 'game changer'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.