സചിന്‍റെ സെഞ്ച്വറി പാഴായി; മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ മുംബൈക്കെതിരെ കേരളത്തിന് എട്ടു വിക്കറ്റ് തോൽവി

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനെതിരെ മുംബൈക്ക് എട്ടു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾ ഔട്ടായി. സചിൻ ബേബിയുടെ (134 പന്തിൽ 104) തകർപ്പൻ സെഞ്ച്വറിയും ക്യാപ്റ്റൻ സഞ്ജു സാംസണിനെ (83 പന്തിൽ 55) അർധ ശതകവുമാണ് കേരളത്തെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

മ​ഴ​യെ​തു​ട​ർ​ന്ന് മും​ബൈ‍യു​ടെ ല​ക്ഷ്യം 160 റ​ൺ​സാ​ക്കി പു​തു​ക്കി നി​ശ്ച​യി​ച്ചു. 24.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അവർ എ​ട്ട് വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി. മുംബൈക്കായി ഓപ്പണർ അംഗ്കൃഷ് രഘുവംശി (47 പന്തിൽ 57 റൺസ്) അർധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണർ ജയ് ബിസ്ത 44 പന്തിൽ 30 റൺസെടുത്തു. ഇരുവരും മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 14.2 ഓവറിൽ 93 റൺസ് അടിച്ചെടുത്തു.

മുംബൈ 18.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 110 റൺസിൽ നിൽക്കുമ്പോഴും മഴ കളി തടസ്സപ്പെടുത്തിയിരുന്നു. കേരളത്തിനായി ബേസിൽ തമ്പി ഒരു വിക്കറ്റെടുത്തു. കേരളം ഒരു ഘട്ടത്തിൽ മൂന്നിന് 167 റൺസെന്ന ശക്തമായ നിലയിലായിരുന്നു. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ 49.1 ഓവറിൽ 231 റൺസിൽ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഓപണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും (ഒമ്പത്) രോഹൻ എസ്. കുന്നുമ്മലും (ഒന്ന്) എളുപ്പം തിരിച്ചുകയറിയതോടെ തുടക്കംപാളിയ കേരളം 3.1 ഓവറിൽ രണ്ടു വിക്കറ്റിന് 12 റൺസെന്ന നിലയിലായിരുന്നു.

ഈ ഘട്ടത്തിൽ ഒത്തുചേർന്ന സഞ്ജു-സചിൻ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിന്റെ രക്ഷക്കെത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 126 റൺസ് ചേർത്തതിനുപിന്നാലെ സഞ്ജുവിനെ പുറത്താക്കിയ തുഷാർ ദേശ്പാണ്ഡെയാണ് മുംബൈക്ക് ആശിച്ച വിക്കറ്റ് സമ്മാനിച്ചത്. നാലു ഫോറും രണ്ടു സിക്സും സഹിതം 83 പന്തിൽ 55ലെത്തിയ സഞ്ജുവിനെ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

തുടർന്ന് വിഷ്ണു വിനോദിനെ (20) കൂട്ടുപിടിച്ച് സചിൻ ഇന്നിങ്സ് മുന്നോട്ടുനയിച്ചെങ്കിലും മോഹിത് അവസ്തിയുടെ പന്തിൽ വിഷ്ണു പുറത്തായി. പിന്നീട് വന്ന അബ്ദുൽ ബാസിത്ത് (12), അഖിൽ സ്കറിയ (ആറ്), ശ്രേയസ് ഗോപാൽ (ഏഴ്), ബേസിൽ തമ്പി (രണ്ട്), അഖിൻ സത്താർ (പൂജ്യം) എന്നിവർ എളുപ്പം പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 134 പന്ത് നേരിട്ട് എട്ടു ഫോറും രണ്ടു സിക്സുമടക്കം 104 റൺസെടുത്ത സചിൻ ബേബിയെ 48-ാം ഓവറിൽ റോയ്സ്റ്റൺ ഡയസിന്റെ പന്തിൽ അവസ്തി ക്യാച്ചെടുത്തുപുറത്താക്കുകയായിരുന്നു. ബേസിൽ എൻ.പി നാലു റൺസുമായി പുറത്താകാതെനിന്നു. അവസ്തി നാലും ദേശ്പാണ്ഡെ മൂന്നും വിക്കറ്റ് വീഴ്ത്തി.

ജ​യ​ത്തോ​ടെ എ​ട്ട് പോ​യ​ന്റു​മാ​യി മും​ബൈ ഗ്രൂ​പ് എ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. കേ​ര​ളം (4) നാ​ലാം സ്ഥാ​ന​ത്താ​ണ്.

Tags:    
News Summary - Mumbai beat Kerala by eight wickets in a rain-interrupted match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.