പന്തിന്‍റെ സഹോദരിക്ക് ആശംസകൾ നേർന്ന് ധോണി! വിവാഹ നിശ്ചയ ചടങ്ങിൽ ചിരിയടക്കാനാകാതെ അതിഥികൾ

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയും കാറപകടത്തിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള യാത്രയുടെയും മറ്റും ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. കഴിഞ്ഞമാസം ദുബൈയിൽ നടന്ന ഐ.പി.എൽ മിനി ലേല സമയത്ത് ഒരുമിച്ച് ടെന്നീസ് കളിക്കുന്നതിന്‍റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പുതിയ ഐ.പി.എൽ സീസണിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണ് ധോണിയും പന്തും. കഴിഞ്ഞയാഴ്ച പന്തിന്‍റെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ ദമ്പതികൾക്ക് ആശംസകൾ നേർന്ന് ധോണി നടത്തിയ രസകരമായ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജനുവരി അഞ്ചിനായിരുന്നു പന്തിന്‍റെ സഹോദരി സാക്ഷിയും അങ്കിതും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ധോണിയുടെ വാക്കുകൾ ദമ്പതികളെ മാത്രമല്ല, കേട്ടിരുന്ന അതിഥികളിലും ചിരി പടർത്തി.

നിമിഷങ്ങൾക്കകമാണ് ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ‘ഇരുവരും വളരെ സന്തുഷ്ടരാണെന്ന് തോന്നുന്നു. അത്യന്തം ആവേശത്തിലാണ്. നന്നായി നൃത്തം ചെയ്തു. പൊരുത്തമുള്ള ഇണകളാണ്, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇരുവർക്കും എല്ലാവിധ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഉദ്ദേശിച്ചത്, കരിയർ വീക്ഷണകോണിൽനിന്നാണ്’ -ദമ്പതികൾക്കൊപ്പം വേദിയിൽനിന്നുകൊണ്ട് ധോണി പറഞ്ഞു. പിന്നാലെ കേട്ടുനിന്നവർക്കും ചിരി അടക്കാനായില്ല.

ഐ.പി.എല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്‍റെയും പന്ത് ഡൽഹി കാപിറ്റൽസിന്‍റെയും നായകരാണ്. കഴിഞ്ഞ സീസണിൽ ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ കിരീടം നേടിയത്. ഇതോടെ ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന റെക്കോഡിനൊപ്പം മുംബൈക്കൊപ്പം ചെന്നൈക്കും എത്താനായി. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ ചെന്നൈയുടെ നട്ടെല്ലാണ് 42കാരനായ ധോണി.

എന്നാൽ, 2022 ഡിസംബർ 30ലെ വാഹനാപകടത്തിനു പിന്നാലെ ഒരു വർഷത്തിലധികമായി പന്ത് കളത്തിനു പുറത്താണ്. വരുന്ന ഐ.പി.എൽ സീസണിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് പന്ത്.

Tags:    
News Summary - MS Dhoni's hilarious speech at Rishabh Pant sister's engagement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.